റിയാദ്: പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞ് സുഡാനില്‍ നിന്ന് റിയാദിലെത്തിയ ഇന്ത്യക്കാരിക്ക് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍ നിന്ന് സുഡാന്‍ എയറിലാണ് തെലുങ്കാനയിലെ ഹൈദരാബാദ് നവാബ് സാഹെബ് നഗര്‍ സ്വദേശി സെയ്ദ മലേഖ (35) റിയാദിലെത്തിയത്. ഇന്ത്യയിലേക്ക് ട്രാന്‍സിറ്റായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം.
എന്നാല്‍ 2020ല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞത് ശ്രദ്ധയില്‍പെട്ട എയര്‍ ഇന്ത്യ യാത്രക്ക് അനുമതി നല്‍കിയില്ല. ഇതോടെയാണ് സെയ്ദ മലേഖ റിയാദില്‍ കുടുങ്ങിയത്. എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ വിവാരം അറിയിച്ചു. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ നൗഷാദ് അലിയും സഹായം തേടി.
സംഘര്‍ഷത്തെ തുടര്‍ന്ന് സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. ഇതുപരിഗണിച്ചാകാം സുഡാന്‍ എയര്‍ പാസ്‌പോര്‍ട്ട് കാലാവധി പരിശോധിക്കാതെ യുവതിയെ റിയാദിലേക്ക് യാത്രാനുമതി നല്‍ിയതെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
എയര്‍പോര്‍ട്ടിലെത്തി സെയ്ദ മലഖേയെ ഷിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി എന്നിവര്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുലര്‍ അര്‍ജുന്‍സിംഗിന്റെ ശ്രദ്ധയില്‍ വിവരം അറിയിച്ചു. എംബസിയില്‍ നിന്നുളള നിര്‍ദേശത്തെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ തടസ്സങ്ങളായി. രാത്രി വൈകിയും ഇവരെ സഹായിക്കുന്നതിന് എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഫൈസല്‍ എന്നിവരെ പാസ്‌പോര്‍ട്ട് വിഭാഗം ചുമതലപ്പെടുത്തി. തുടര്‍ന്ന് ഔട്ട്പാസ് ഇഷ്യൂ ചെയ്താണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.
15 വര്‍ഷം മുമ്പ് സുഡാന്‍ പൗരന്‍ ഇബ്രാഹിം അബ്ദുല്‍ മന്നാന്‍ വിവാഹം ചെയ്‌തെന്ന് സെയ്ദ മലേഖ പറഞ്ഞു. സുഡാന്‍ പൗരത്വമുളള നാല് മക്കളുണ്ട്. ഇന്ത്യയില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം പുതിയ പാസ്‌പോര്‍ട്ടില്‍ സുഡാനിലേക്ക് മടങ്ങുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.