റിയാദ്: സൗദിയിലെ സ്വകാര്യ ഫാര്‍മസികളില്‍ 20 ശതമാനം സ്വദേശിവത്ക്കരണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഘട്ടം ഘട്ടമായി 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഫാര്‍മസി ബിരുദം നേടിയ നിരവധി സ്വദേശികള്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഘട്ടം ഘട്ടമായി ഫാര്‍മസികളില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും. ഇതിന്റെ ഒന്നം ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 13 ശതമാനമാണ് സ്വദേശി ഫാര്‍മസിസ്റ്റുകളുടെ എണ്ണം. അഞ്ചില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ 20 ശതമാനം സ്വദേശിവത്ക്കരണം നിര്‍ബന്ധമാണ്.
30 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യം വെക്കുന്ന രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജൂലൈ 11ന് നിലവില്‍ വരും.
അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ ഫാര്‍മസികളില്‍ ജോലി നേടാന്‍ കഴിഞ്ഞു. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജഷിസ്റ്റര്‍ ചെയ്ത 24,000 ഫാര്‍മസിസ്റ്റുകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. 2019ല്‍ 1179 സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്ക് പുതുതായി തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.