ദമ്മാം: പാലത്തായിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം പിന്‍വലിച്ച് പോക്‌സോ പ്രകാരം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഉപദേശക സംഘത്തിന്റെ വൃത്തത്തില്‍ നിന്നു പുറത്തു കടന്നു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഗൗരവത്തോടെ നോക്കിക്കാണാനും നടപടിയെടുക്കാനുമുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ അവശേഷിക്കുന്ന കേരളം കൂടി ഇടതിനെ കയ്യൊഴിയും. ക്രെം റെക്കോര്‍ഡില്‍ ഇടം നേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചത്. തുടക്കം മുതല്‍ പ്രതിക്കനുകൂലമായ നിലപാടുകളാണ് പോലിസ് സ്വീകരിച്ചത്. കൊവിഡ് കാലമായതിനാല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകില്ല എന്ന മിഥ്യാ ധാരണ യായിരിക്കാം കേസില്‍ ഉണ്ടായിട്ടുള്ളത്. പൊതുസമൂഹം ജാഗ്രത യോടെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നതെന്ന ബോധം സര്‍ക്കാരിനും പോലിസിനും ഉണ്ടാകണം. പാലത്തായി കേസില്‍ ബി.ജെ.പി നേതാവായ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതുവരെ പൊതു സമൂഹം ഇരയുടെ കൂടെയുണ്ടാകുമെന്നും സോഷ്യല്‍ ഫോറം മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത്, ഹനീഷ് കരുനാഗപ്പള്ളി, റിനീഷ് കണ്ണൂര്‍, സിദ്ദിഖ് എടക്കാട് സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.