റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ചര്‍ച്ച ശ്രദ്ധേയമായി. റിയാദിലെ സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ജോസഫ് അതിരുങ്കല്‍, സബീന എം സാലി, എം ഫൈസല്‍, നജിം കൊച്ചുകലുങ്ക് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബീന ഫൈസല്‍ മോഡറേറ്ററായിരുന്നു.
കേരള പിറവിയുടെ അറുപത്തിയെട്ടാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അറുപത്തിനാല് വയസ്സുള്ള ഗള്‍ഫ് പ്രവാസത്തെ മറക്കരുതെന്ന് ജോസഫ് അതിരുങ്കല്‍ പറഞ്ഞു. ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഗള്‍ഫ് പ്രവാസമുണ്ട്. ഇപ്പോഴുള്ളത് മൂന്നാം തലമുറയാണ്. ആദ്യ കാല കുടിയേറ്റത്തിലെ മനുഷ്യരുടെ ജീവിതം പോലും വേണ്ടരീതിയില്‍ ഗള്‍ഫ് സാഹിത്യത്തില്‍ വന്നിട്ടില്ല. നാടും വീടും വിട്ട മനുഷ്യരാണ് ഇന്നത്തെ കേരളത്തെ നിര്‍മ്മിച്ചത്. അവരുടെ വ്യത്യസ്തമായ ജീവിതം ഇനിയും ആവിഷ് കരിക്കപ്പെടേണ്ടതായിട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി സാഹിത്യം എന്നൊരു സാഹിത്യമില്ലെന്നും തൊഴില്‍ തേടി പ്രവാസലോകത്തെത്തിയവര്‍ അവരുടെ അനുഭവങ്ങള്‍ വളച്ചു കെട്ടില്ലാതെ തുറന്നെഴുതുമ്പോഴാണ് മികച്ച സാഹിത്യങ്ങള്‍ പിറവിയെടുക്കുന്നത്. ഇവിടുത്തെ അനുഭവങ്ങള്‍ തുറന്നെഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവണം. സൗദിയിലെ സാഹിത്യകാരന്മാര്‍ക്ക് ഒത്തുചേരാനും ചര്‍ച്ച ചെയ്യാനും പൊതു ഇടം ഉണ്ടേവേണ്ടതിന്റെ അനിവാര്യതയും പ്രമുഖ എഴുത്തുകാരിയും സാഹിത്യകാരിയുമായ സബീന എം സാലിപറഞ്ഞു.
സാഹിത്യം തന്നെ പ്രവാസമാണ്. സഞ്ചരിക്കാതെ ഒരാള്‍ക്കും എഴുതാനാകില്ല. ലോകസഞ്ചാരം നടത്തി മലയാളത്തിന് കരുത്ത് പകര്‍ന്ന എഴുത്തുകാരും തൊഴില്‍ തേടി അകലെ പോയി എഴുതിയ പ്രമുഖരുമുണ്ടെന്ന് പറഞ്ഞ എം ഫൈസല്‍ ഡയസ്‌പൊറ സാഹിത്യത്തിന്റെ പ്രധാന മൂന്ന് സവിശേഷതകള്‍ കൂടി ചൂണ്ടികാണിച്ചു. സ്വദേശത്തുനിന്ന് പറിച്ചെടുത്തു പോരുന്ന വേരും എത്തിപ്പെട്ടയിടത്തെ മണ്ണിലാഴ്ത്താന്‍ ശ്രമിക്കുന്ന വേരുമാണ് ഒന്ന്. മറ്റൊരു സവിശേഷത ‘അകത്താള്‍, പുറത്താള്‍’ എന്ന പ്രതിസന്ധിയാണ്. സ്വത്വപരമായും രാഷ്ട്രീയമായും മലയാളി ഗള്‍ഫിന്റെ സാമൂഹികമോ, രാഷ്ട്രീയമോ ആയ ‘സ്വവസതിക്ക്’ അകത്താകുന്നില്ല. അകത്താകാന്‍ ആഗ്രഹിക്കുന്നുമില്ല. മൂന്നാമത്തെ സവിശേഷത ഗൃഹാതുരത്വമാണ്. അതുമാത്രമാണ് മലയാളി പ്രവാസലോകത്ത് ലാളിക്കുന്ന ഒന്ന്. അതുകൊണ്ടുമാത്രം ആഴമുള്ള പ്രവാസ സാഹിത്യം ഉണ്ടാകില്ലെന്നും എങ്കിലും മലയാളികളുടെ ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് കൂടുതല്‍ ഉല്‍കൃഷ്ടമായ എഴുത്തുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം ഫൈസല്‍ പറഞ്ഞു.
വിഭവ സമൃദ്ധമാണ് പ്രവാസ ലോകത്തെ സാഹിത്യരംഗമെന്നും ബാബു ഭരദ്വാജിനും വി മുസഫര്‍ അഹമ്മദിനും ശേഷം കിടയറ്റ സൃഷ്ഠികള്‍ ഇനിയും പിറവിയെടുക്കേണ്ടതുണ്ടെന്നും അതിന് വേണ്ട മെറ്റീരിയലുകള്‍ ഇവിടെ സുലഭമാണെന്നും നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.
മലയാളി സാഹിത്യം ലോകവായനയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് നാമിപ്പോഴുള്ളതെന്ന് ബീന ഫൈസല്‍ പറഞ്ഞു. സഹറു നുസൈബ കണ്ണനാരി ഈ വര്‍ഷത്തെ ജെ സി ബി പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവല്‍ ‘വല്ലി’ യുടെ രചയിതാവ് ഷീല ടോമി ഖത്തര്‍ പ്രവാസിയാണ്. ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവല്‍ പ്രവാസത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. കുറഞ്ഞ കൃതികള്‍ കൊണ്ടു ഷീല ടോമി മലയാളസാഹിത്യത്തില്‍ വലിയ ഇടമാണ് നേടിയെടുത്തത്. അതുകൂടിയാണ് പ്രവാസസാഹിത്യം നമുക്ക് തരുന്ന പ്രതീക്ഷയെന്നും അവര്‍ അഭിപ്രായപെട്ടു.
ആനന്ദും എം മുകുന്ദനും പോലുള്ള സാഹിത്യ പ്രതിഭകള്‍ മലയാളത്തില്‍ നിന്ന് പ്രവാസകൃതികള്‍ രചിച്ചവരാണ്. സഞ്ചാര സാഹിത്യത്തിലൂടെ വിലപ്പെട്ട രചനകള്‍ നല്‍കി ഗള്‍ഫ് പ്രവാസ സാഹിത്യത്തെ ബലപ്പെടുത്തിയവരാണ് ബാബു ഭരദ്വാജും വി. മുസഫര്‍ അഹമദും. കുടിയേറ്റ മലയാളികളില്‍ നിന്നും ധാരാളം രചനകള്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഭാഗമായി പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുന്നതും പ്രതീക്ഷ നല്‍കുന്നു. ഗള്‍ഫ് പ്രവാസികള്‍ക്കിടയിലെ നിലവാരമില്ലാത്ത പുസ്തകങ്ങളും തട്ടിക്കൂട്ട് അവാര്‍ഡുകളും ഡയസ്‌പോറ ലിറ്ററേച്ചറിന് മേലുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ബീന ഫൈസല്‍ വിലയിരുത്തി.
പ്രകാശം പരത്തിയ 15 വര്‍ഷങ്ങള്‍ എന്ന തലകെട്ടില്‍ നടക്കുന്ന വാര്‍ഷികതോടനുബന്ധിച്ചു നടന്ന ബുക്ക് ഫെയര്‍ അലിഫ് ഗ്രൂപ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. ഖമര്‍ ബാനു, സന്ധ്യാ ഷാജി, അനസ് കാരയില്‍ സംബന്ധിച്ചു. മലയാളത്തിലെ പ്രമുഖരുടെ തെരെഞ്ഞെടുത്ത അഞ്ഞൂറോളം രചനകള്‍ ബുക്ക് ഫെയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.