Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

എല്ലാത്തിലും പിന്നിലായ ഇന്ത്യ വെറുപ്പ് ഉത്പ്പാദനത്തില്‍ മുന്നില്‍: കെ എ ഷഫീഖ്

റിയാദ്: ജാതി വ്യവസ്ഥയില്‍ നിന്ന് ഉണര്‍ന്ന കേരളീയ നവോത്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുടെ രണ്ടാം നവോത്ഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാലായനം ചെയ്ത മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം. അതില്‍ ഒരു സര്‍ക്കാറിനും മൗലികമായ സംഭാവനകളില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫയര്‍ റിയാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ ഉന്നതി തുടങ്ങി ജീവിത നിലവാരത്തിന്റെ സൂചികയില്‍ ഉയര്‍ന്നു നില്‍ക്കുന്നത് മുഴുവന്‍ പ്രവാസികളുടെ പോരാട്ടത്തിന്റെ ഫലമാണ്. നാടിന്റെ ബഹുമുഖ മേഖലയെ ശക്തിപ്പെടുത്തുക എന്നതോടൊപ്പം രാഷ്ട്രീയ, സാമൂഹിക ബോധത്തെ പ്രവാസ ലോകത്ത് പ്രതിനിധാനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. എന്നാല്‍ ഈ സമൂഹത്തോടു സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ എന്നത് വലിയ ജനാധിപത്യ വികസ്വര രാജ്യമെന്നാണ് ലോകത്തോട് പറയാറുള്ളത്. എന്നാല്‍ പുരോഗതിയുടെ എല്ലാ ഇന്‍ഡക്‌സുകളിലും അവസാനമുളള നാം വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിലാണ് ഒന്നാം സ്ഥാനത്തുള്ളത്. പത്ര സ്വാതന്ത്ര്യത്തില്‍ ഏറ്റവും പിറകിലാണ് ഇന്ത്യ. ലോകം മുഴുവന്‍ ഇസ്രായേല്‍ നരഹത്യകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളും ഗവണ്മെന്റും നെതന്യാഹുവിന് പിന്തുണ നല്‍കുന്നത് അങ്ങേയറ്റം വിരോധാഭാസമാണെന്ന് ഷഫീഖ് പറഞ്ഞു. ‘ഇന്ത്യ പലസ്തീനിനോടൊപ്പ’മെന്ന ചരിത്ര യാഥാര്‍ഥ്യത്തെയാണ് നാം നിരാകരിക്കുന്നത്. ജനത മാത്രമല്ല, ഭരണകൂടവും ഫാഷിസ്റ്റ് സയണിറ്റ് വല്‍ക്കരിക്കപ്പെട്ടതിന്റെ അടയാളമാണിത്. വംശീയതയുടെയും നാസിസത്തിന്റെയും വെറികള്‍ക്കെതിരെ ഉറച്ചു നില്‍ക്കാന്‍ ഒറ്റമനസ്സോടെ കേരളീയ സമൂഹം കാണിച്ച സന്നദ്ധതയെ അദ്ദേഹം പ്രശംസിച്ചു.

ഫാഷിസത്തോട് കൃത്യവും വ്യക്തവുമായ നിലപാടുകള്‍ നമ്മുടെ പല മതേതര കക്ഷികള്‍ക്കുമില്ല, വ്യാജമായ ആഖ്യാനങ്ങള്‍ക്കനുസരിച്ചു സവര്‍ണ ബോധത്തെ അരക്കിട്ടുറപ്പിക്കുവാനും ന്യുനപക്ഷ കീഴാള വിഭാഗങ്ങളെ അരികുവല്‍ക്കരിക്കുവാനുമാണ് അവര്‍ ശ്രമിക്കുന്നത്. സംഘപരിവാറിനെ ആശയത്തിലും അര്‍ത്ഥത്തിലും ആഴത്തില്‍ നേരിടുകയാണ് വേണ്ടേത്. നിര്‍ഭയമായി വെല്‍ഫെയര്‍ പാര്‍ട്ടി ഇക്കാലമെത്രയും നിര്‍വ്വഹിക്കുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളത്തെ കണ്ടെത്താ’നുള്ള മന്ത്രിസഭയുടെ എഴുന്നള്ളത്ത് കേവല രാഷ്ട്രീയ പ്രഹസനമാണ്. മൂലധന ശക്തികള്‍ക്ക് അരിയിട്ട് വാഴ്ച നടത്തുകയും സാധാരണ മനുഷ്യര്‍ക്ക് ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. വിലക്കയറ്റവും വ്യവസ്ഥാപിതമായ അഴിമതിയും സ്വജനപക്ഷപാതിത്വവും വര്‍ധിച്ചു. ഭൂരഹിതരായ ആളുകളുടെ വിലാപങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ജാതി വിവേചനവും സാമുദായികമായ അവിശ്വാസവും വളര്‍ന്നു. നീതിനിഷേധങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും വിവേചനങ്ങളോട് നിരന്തരം പ്രക്ഷോഭം നടത്തുകയുമാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനം -കെ. എ ഷഫീഖ് പറഞ്ഞു.

വിവിധ സെഷനുകാലികളായി നടന്ന പരിപാടികളില്‍ പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ്ജ്, പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റുമാരായ അജ്മല്‍ ഹുസൈന്‍, അഷ്‌റഫ് കൊടിഞ്ഞി, സെക്രട്ടറി ഷഹനാസ് സാഹില്‍, ട്രഷറര്‍ എം. പി ഷഹ്ദാന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top