
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. ഒളിമ്പിക് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ സൗദി വനിതയാണ് പ്രിന്‍സസ് റീമ അല്‍ സൗദ്. ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 136ാമത് യോഗത്തിലാണ് പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ തെരഞ്ഞെടുത്തത്. അന്തരിച്ച പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹ്ദ് അല്‍ സൗദ് 1983ലും പ്രിന്‍സ് നവാഫ് ബിന്‍ ഫൈസല്‍ അല്‍ സൗദ് 20012ലും ഒളിമ്പിക് കമ്മറ്റിയില്‍ അംഗമായിരുന്നു. അതിന് ശേഷമാണ് സൗദിയെ പ്രതിനിധീകരിച്ച് പ്രിന്‍സസ് റീമ അല്‍ സൗദ് ഈ സ്ഥാനത്തെത്തുന്നത്.
2019 ഫെബ്രുവരി മുതല്‍ സൗദി അറേബ്യയുടെ അമേരിക്കന്‍ അംബാസഡര്‍ പദവി വഹിക്കുന്നു. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയിട്ടുണ്ട്. ലോക ബാങ്കിന്റെ വനിതാ സംരംഭക ധനകാര്യ ഉപദേശക സമിതി അംഗം, സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റി അംഗം, ഐഒസി വിമന്‍ ഇന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ സ്ത്രീ ശാക്തീകരണ പരിപാടികളിലും വനിതകള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിലും നിരവധി പദ്ധതികള്‍ നടപ്പിലാക്കി. രാജ്യത്തെ മള്‍ട്ടി സ്‌പോര്‍ട്‌സ് ഫെഡറേഷനെ നയിച്ച ആദ്യ വനിതയും പ്രിന്‍സസ് റീമ ബന്ദറായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
