
റിയാദ്: സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും പരിശോധിക്കുന്ന ‘പ്രഫഷണല്‍ വെരിഫിക്കേഷന്‍ സിസ്റ്റം’ ആദ്യഘട്ടം പൂര്‍ത്തിയാക്കി. വിദേശരാജ്യങ്ങളില്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുക.

മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് 128 രാജ്യങ്ങളിലാണ് വെരിഫിക്കേഷന്‍ സിസ്റ്റം നിലവില്‍ വന്നത്. പ്രഫഷനല്‍ വെരിഫിക്കേഷന്‍ നടത്തി ‘പ്രഫഷനല്‍ അക്രഡിറ്റേഷന്‍’ നല്‍കുന്നതോടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനുള്ള മതിയായ യോഗ്യത വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും.

സൗദിയില്‍ എത്തുന്നതിന് മുമ്പ്, പ്രവാസി തൊഴിലാളിക്ക് വിശ്വസനീയമായ അക്കാദമിക് യോഗ്യതകളും ആവശ്യമായ പ്രായോഗിക പരിചയവും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍, ഹെല്‍ത്ത് മേഖലകളിലെ തൊഴിലുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കാണ് സ്‌കില്‍ വെരിഫിക്കേഷന്‍ ബാധകം.

അന്താരാഷ്ട്ര അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് തൊഴില്‍ നൈപുണ്യം പരിശോധിക്കുക. ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങളിലുടെ പ്രഫഷനല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഏകീകൃത പ്ലാറ്റ്‌ഫോം സഹായിക്കും. ആദ്യഘട്ടമായാണ് 128 രാജ്യങ്ങളില്‍ സംവിധാനം നിലവില്‍ വന്നത്. മൊത്തം 160 രാജ്യങ്ങളെ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയാണ് അന്തിമ ലക്ഷ്യം.

മുഴുവന്‍ ജോലികള്‍ക്കും പ്രഫഷണല്‍ വെരിഫിക്കേഷന്‍ ബാധകമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടുത്ത ഘട്ടങ്ങളില്‍ തുടരും. യോഗ്യതയില്ലാത്ത പ്രവാസി തൊഴിലാളികള്‍ രാജ്യത്തേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രവാസി തൊഴിലാളികളുടെ യോഗ്യതകളുടെയും നൈപുണ്യവും ഗുണനിലവാരം ഉയര്‍ത്തുന്നതിന് വെരിഫിക്കേഷന്‍ നടപടി സഹായിക്കും.





