
റിയാദ്: സൗദിയിലെ അല്‍ ഖസീമില്‍ ദുരിതത്തിലായ മലയാളികള്‍ക്ക് സഹായഹസ്തം. വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്തുമാസം മുമ്പ് ഹോട്ടല്‍ ജോലിക്ക് എത്തിയവരാണ് അല്‍ ഖസീമിലെ അല്‍ റാസില്‍ കുടുങ്ങിയത്. കൊല്ലം സ്വദേശി സലീം ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്കാണ് വിസ നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതോടെ വിസക്കു നല്‍കിയ പണം മടക്കി നല്‍കി. ഇതിനിടെ അല്‍ ഖസീമിലുളള തിരുവനന്തപുരം സ്വദേശി മുട്ടക്കാവ് റഷീദ് യാത്രക്കുളള ടിക്കറ്റു നല്‍കി. വ്യക്തികളും സാമൂഹിക സന്നദ്ധ സംഘടനകളും ഭക്ഷണം ഉള്‍പ്പെടെയുളള സഹായവും എത്തിച്ചു.
കൊല്ലം സ്വദേശികളായ സജാദ് ഖാന്‍ ഹംസ, മുഹമദ് ഹനീഫ റിയാസുദ്ദീന്‍, ഷാജഹാന്‍ ഷൗക്കത്തലി, കോഴിക്കോട് സ്വദേശി അബ്ദുല്ലത്തീഫ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇതില്‍ രണ്ടുപേര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെയും നാട്ടിലേക്ക് മടക്കി അയക്കാനുളള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
