ബുറൈദ: വയനാടിനെ കൈത്താങ്ങായി ഖസീം പ്രവാസി സംഘം. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൈത്താങ്ങ്.
ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബവേദി, ബാലവേദി എന്നിവയുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ അജ്മല്‍ പാറക്കല്‍, സതീഷ് ആനക്കയം, നൗഷാദ് കരുനാഗപ്പള്ളി എന്നിവരാണ് തുക കൈമാറിയത്.
ദുരന്ത മുഖത്തും രാഷ്രീയത്തിന്റെ പേരില്‍ രാജ്യത്തെ ജനതയെ വേര്‍തിരിച്ചു കാണുന്ന യൂണിയന്‍ സര്‍ക്കാരിന്റെ സമീപനം അപലപനീയമാണ്. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടും മുന്നൂറില്‍ പരം മനുഷ്യ ജീവനുകള്‍ ഇല്ലാതാവുകയും അത്രത്തോളം തന്നെ മുന്‍ഷ്യരെ കാണാതാവുകയും ചെയ്ത ദുരന്തത്തില്‍ ഒരു കൈസഹായം നല്‍കാന്‍ യൂണിയന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാവാത്തത് കടുത്ത വിവേചനമാണ്.
കണക്കുകള്‍ നിരത്താനാണ് രണ്ട്മാസം പിന്നിട്ട വേളയിലും കേരളസര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ യൂണിയന്‍ സര്‍ക്കാരിന് താല്‍പര്യമുള്ള സംസ്ഥാനങ്ങളില്‍ നഷ്ടങ്ങളുടെ കണക്കില്ലാതെ സഹായങ്ങളുമായി മുന്നോട്ട് വന്നത് കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. യൂണിയന്‍ സര്‍ക്കാരിന്റെ ഇത്തരം നടപടിയില്‍ ഖസീം പ്രവാസി സംഘത്തിന്റെ കടുത്ത പ്രതിഷേധം അറിയിക്കുന്നതായി രക്ഷാധികാരി സമിതി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.