Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വായന പകര്‍ന്ന അനുഭവം ചര്‍ച്ച ചെയ്തു ‘ചില്ല’

റിയാദ്: അഞ്ചു കൃതികളുടെ വായന പങ്കുവച്ചു ‘ചില്ല’ ഒക്ടോബര്‍ വായന റിയാദ് ലുഹ ഹാളില്‍ നടന്നു. സ്‌നേഹരഹിതമായ ലോകത്ത്, സ്‌നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ നോവലിന്റെ വായനാനുഭവം ജോമോന്‍ സ്റ്റീഫന്‍ പങ്കുവച്ചു. എണ്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ നോവല്‍ ഇന്നും കാലിക പ്രസക്തമാണ്. ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ടകാലത്തെ കൂടി മനസിലാക്കിവേണമെന്നും ജോമോന്‍ അഭിപ്രായപ്പെട്ടു.

വിഖ്യാത ഇന്ത്യന്‍ ചരിത്രകാരി റോമില ഥാപര്‍ എഴുതിയ ‘ഔര്‍ ഹിസ്റ്ററി, ദേര്‍ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവച്ചു. ഇന്ത്യയില്‍, ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കല്‍പ്പങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും രാഷ്ട്രത്തിന്റെ ആശയം രൂപപ്പെടുത്തിയെന്നും അന്വേഷിക്കുന്നതാണ് കൃതി. എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.

ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന ചെറുകഥാസമാഹാരത്തിന്റെ വായന പ്രദീപ് ആറ്റിങ്ങല്‍ പങ്കുവച്ചു. പ്രവാസ ജീവിതത്തില്‍ കണ്ടുമട്ടിയ മനുഷ്യരുടെ കഥകളിലൂടെ മുംബൈയിലെ കാമാത്തിപുര മുതല്‍ സൗദിയിലെ മണലാരണ്യം വരെയുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം നേപ്പാളിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നുണ്ടെന്ന് പ്രദീപ് വിശദീകരിച്ചു. ആടുജീവിതത്തിലെ ക്രൂരനായ അറബിയല്ല മസ്രയില്‍ ആടുകള്‍ക്കൊപ്പം കഴിയുന്ന അമീറിന്റെ കഫീല്‍ അലി. കുടുംബത്തോടൊപ്പം അമീറിനെ ചേര്‍ത്ത് പിടിക്കുന്ന മറ്റൊരു ആടുജീവിത കഥയും ഈ കൃതി വരച്ചുകാട്ടുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എന്‍ മോഹനന്‍ എഴുതിയ ‘ഒരിക്കല്‍’ എന്ന ചെറുനോവലിലെ പ്രണയാതുരമായ നിമിഷങ്ങള്‍ സബീന എം. സാലി സദസുമായി പങ്കുവച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന കൃതിയുടെ വായനയും കൃതിയില്‍ എഴുത്തുകാരന്‍ എടുത്ത് ചേര്‍ത്ത ‘നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്’ തുടങ്ങിയ മാധവിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ വരികളും സബീന സദസിന് മുന്നില്‍ വായിച്ചു.

റാം കെയറോഫ് ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പന്‍ പങ്കുവച്ചു. അടുത്തകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കപെട്ട പല കൃതികളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ അഖില്‍. പി ധര്‍മ്മജന്റെ കൃതിക്ക് കഴിഞ്ഞത് ലളിതമായ ഭാഷയില്‍ പ്രണയവും സൗഹൃദവും അതിമനോഹമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് മൂസ അഭിപ്രായപ്പെട്ടു. സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില്‍ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ വികസിക്കുന്ന നോവലിന്റെ ഇതിവൃത്തം മൂസ സദസുമായി പങ്കുവച്ചു.

ചര്‍ച്ചകള്‍ക്ക് എം. ഫൈസല്‍ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ്‌ലാല്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിച്ചു. നാസര്‍ കാരക്കുന്ന് മോഡറേറ്റര്‍ ആയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top