
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ കഴിയുന്നവര്‍ക്ക് വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സത്യവാങ്ങ് മൂലം സമര്‍പ്പിക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി രാജ്യത്ത് സന്ദര്‍ശന വിസയില്‍ കഴിയുന്നവര്‍ക്ക് പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ട് ആഴ്ചക്കകം രാജ്യം വിടാന്‍ തയ്യാറാണെന്ന് സത്യവാങ്ങ് മൂലം സമര്‍പ്പിക്കണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രണ്ട് ആഴ്ച കാലാവധി നീട്ടി നല്‍കിയാല്‍ പ്രസ്തുത കാലയളവിനുളളില്‍ രാജ്യം വിടേണ്ടി വരും. നിയമ ലംഘനം നടത്തുന്നവര്‍ പിഴ ഉള്‍പ്പെടെയുളള ശിക്ഷാ നടപടികള്‍ക്ക് വിധേയമാകും.

നിരവധി മലയാളികള്‍ കുടുംബങ്ങളെ വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇവരിലേറെയും കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ആനുകൂല്യം പ്രയോജനപ്പെടുത്തി വിസിറ്റിംഗ് വിസ പുതുക്കി രാജ്യത്ത് തുടരുന്നവരാണ്. വിസിറ്റിംഗ് വിസയില്‍ രാജ്യത്ത് കഴിയുന്നവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണവും നടത്തിയിരുന്നു. വിമാനയാത്രാ വിലക്ക് നിലനിന്ന സാഹചര്യത്തിലാണ് രാജ്യത്ത് തുടരാന്‍ അനുമതി നല്‍കിയത്. എന്നാല്‍ എല്ലാ രാജ്യങ്ങളിലേക്കും വിമാനയാത്ര സുഗമമായ സാഹിര്യത്തിലാണ് വിസിറ്റിംഗ് വിസ പുതുക്കി നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.