Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും; കേരളത്തില്‍ നിന്ന് രണ്ട് പ്രസാധകര്‍

റിയാദ്: രാജ്യാന്തര പുസ്തക മേളക്ക് വേദി ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദ്. ഒക്‌ടോബര്‍ 1 മുതല്‍ 10 വരെ സാംസ്‌കാരിക, വിനിമയ മേള അരങ്ങേറും. കേരളത്തില്‍ നിന്ന് ഐപിഎച്, ഡിസി ബുക്‌സ് എന്നീ പ്രസാധകര്‍ പങ്കെടുക്കുമെന്ന പ്രത്യേകത മലയാളി പ്രവാസി സമൂഹത്തെയും മേളയിലേക്ക് ആകര്‍ഷിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ റിയാദ് ഫ്രന്റിലാണ് മേളക്ക് വേദി ഒരുക്കിയിട്ടുളളത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര പുസ്തക മേള ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം വിപുലമായ ഒരുക്കങ്ങളാണ് മേളയെ വരവേല്‍ക്കാന്‍ ഒരുക്കുന്നത്. അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇറാഖ് അതിഥി രാഷ്ട്രമായി പങ്കെടുക്കും. പുസ്തകങ്ങളുടെ പ്രദര്‍ശനം, വിത്പ്പന എന്നതിനപ്പുറം സാഹിത്യ, സാംസ്‌കാരിക മേളയാണ് വിഭാവന ചെയ്തിട്ടുളളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പുസ്തക പ്രസാധകര്‍ പങ്കെടുക്കും.

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിനാണ് തിരി തെളിയുന്നത്. പുതിയ ലക്ഷ്യസ്ഥാനം, പുതിയ അധ്യായം എന്ന പ്രമേയത്തിലാണ് 10ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം. അറബ് നാഗരികതയുടെയും പൈതൃകത്തിന്റെയും സിരാകേന്ദ്രങ്ങളിലൊന്നായ ഇറാഖ് ആണ് ഈ വര്‍ഷത്തെ വിശിഷ്ട അതിഥി രാഷ്ട്രം. സൗദി-ഇറാഖ് സൗഹൃദം വര്‍ധിപ്പിക്കുകയും ജനങ്ങളെ ഒന്നിപ്പിക്കുന്നതിയനും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും പുസ്തക മേള സഹായിക്കുമെന്ന് സൗദി സാംസ്‌കാരിക, വിനിമയ വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ഫര്‍ഹാന്‍ പറഞ്ഞു.

ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും. എല്ലാ വിഭാഗം ആസ്വാദകര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളത്. കുട്ടികള്‍ക്ക് പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ പുസ്തക മേള ഒഴിവാക്കിയിരുന്നു. 2019ല്‍ നടന്ന പുസ്തക മേളയില്‍ 5 ലക്ഷം പുസ്തക പ്രേമികളാണ് പ്രദര്‍ശന നഗരി സന്ദര്‍ശിച്ചത്.

ലിറ്ററേചര്‍, പബഌഷിംഗ് ആന്റ് ട്രാന്‍സിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര പുസ്തക മേള അരങ്ങേറുന്നത്. പ്രസാധകര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി സാഹിത്യത്തിലും പ്രസിദ്ധീകരണ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് പുസ്തകമേളയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മാത്രമല്ല വിവര്‍ത്തനം ആഗ്രഹിക്കുന്ന കൃതികള്‍ പരസ്പരം കൈമാറാനും അതിനുളള സാഹചര്യം സൃഷ്ടിക്കാനും മേളയില്‍ അവസരം ഒരുക്കും. സമൂഹത്തില്‍ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനും വിവര-വിജ്ഞാന രംഗത്ത് കൂടുതല്‍ അറിവ് കൈവരിക്കാനും പുസ്തക മേള സഹായിക്കും. സംസ്‌കാരം, സാഹിത്യം, കല എന്നീ മേഖലകളില്‍ വ്യക്തികളെ കൂടുതല്‍ പ്രചോദനം സൃഷ്ടിക്കുന്നതിനും പുസ്തക മേള സഹായിക്കും.

അറബ് സാംസ്‌കാരിക മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഗമം എന്ന നിലയില്‍ പുസ്തക മേളക്ക് ഏറെ പ്രാധാന്യമാണുളളത്. മാത്രമല്ല, അറബ് രാജ്യങ്ങളില്‍ നടക്കുന്ന പുസ്തകമേളയിലെ സുപ്രധാന മേളയുമാണിത്. സന്ദര്‍ശകരുടെ എണ്ണം, വന്‍തോതിലുളള വില്‍പ്പന, വൈവിദ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവ മേളയുടെ പ്രത്യേകതയാണ്. അതിനുപുറമെ അറബ് മേഖലയിലെ പ്രമുഖരായ സാഹിത്യ പ്രതിഭകള്‍ ഓരോ ദിവസത്തെയും സാംസ്‌കാരിക, സാഹിത്യ സംവാദങ്ങളില്‍ അതിഥികളായി പങ്കെടുക്കും.

വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നായി ആയിരത്തിലധികം പുസ്തക പ്രസാധകരാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് ഐപിഎച്, ഡിസി ബുക്‌സ് എന്നിവയും പങ്കെടുക്കും. മലയളത്തിലെ പ്രമുഖ രചനകള്‍ അന്താരാഷ്ട്ര വേദിയില്‍ പരിചയപ്പെടുത്താനുളള അവസരം കൂടിയാണ് കൈവന്നിട്ടുളളത്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളുടെ സാന്നിധ്യവും പുസ്തക മേളയെ സജീവമാക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. https://tickets.riyadhbookfair.org.sa/en/d/615/riyadh-international-book-fair-2021 എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് സൗജന്യമായി നേടാന്‍ അവസരം ഉണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. പ്രവേശന ടിക്കറ്റിനോാൈപ്പം തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുക. പൂര്‍ണമായും കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും പുസ്തക മേളയെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ലിറ്ററേചര്‍ പബഌഷിംഗ് ആന്റ് ട്രാന്‍സിലേഷന്‍ കമ്മീഷന്‍, സാംസ്‌കാരിക മന്ത്രാലയം എന്നിവയുടെ മേല്‍നോട്ടത്തിലാണ് പുസ്തക മേള അരങ്ങേറുന്നത്. ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സാംസ്‌കാരിക മേഖലയെ ഉത്തേജിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനനുസൃതമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ സാംസ്‌കാരിക മേഖലക്ക് മികച്ച സ്ഥാനമാണ് നല്‍കിയിട്ടുളളത്. ഇതു കൂടി പരിഗണിച്ച് മികച്ച ഒരുക്കങ്ങളാണ് ഈ വര്‍ഷത്തെ പുസ്തകമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top