
റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയെ മരവിപ്പിച്ചതായി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ജില്ല കെഎംസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. അതുകൊണ്ടുതന്നെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. മാത്രവുമല്ല, സെന്‍ട്രല്‍ കമ്മറ്റിയുടെ നിലപാട് സംഘടനാ വിരുദ്ധമാണ്. കെഎംസിസി ഭരണഘടനക്ക് എതിരാണ് സെന്‍ട്രല്‍ കമ്മറ്റിയുടെ തീരുമാനമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി. റിയാദില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്‍ട്രല്‍ കമ്മിറ്റിയിലെ ഒരു വിഭാഗം ഭാരവാഹികളാണ്. വ്യവസ്ഥാപിതമായി തെരഞ്ഞെടുത്ത പ്രവര്‍ത്തക സമിതിയോ, കൗണ്‍സില്‍ യോഗങ്ങളോ ചേരാതെയാണ് സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്. അഭിപ്രായം പറയുന്ന ജില്ല, നിയോജകമണ്ഡലം, ഏരിയ കമ്മിറ്റികള്‍ക്കെതിരെ സമാന രീതിയില്‍ ഇതിനു മുമ്പും തീരുമാനം എടുത്തിട്ടുണ്ട്. മുസ്‌ലിം ലീഗ് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം സെന്‍ട്രല്‍ കമ്മറ്റി ദുരുപയോഗിക്കുയാണെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.

രണ്ട് വര്‍ഷം മുമ്പ് പാലക്കാട് ജില്ല കമ്മിറ്റിയേയും മരവിപ്പിച്ചതായി പത്രവാര്‍ത്ത നല്‍ക്കുകയും തുടര്‍ന്ന് അവിടെ സമാന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കെതിരെ സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടര്‍ക്കഥയാണ്. സൗദി നാഷണല്‍ കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങളോ, പദ്ധതികളോ നടപ്പില്‍ വരുത്തുവാന്‍ സെന്‍ട്രല്‍ കമ്മിറ്റി താല്പര്യം കാണിക്കാറില്ലെന്നും അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരാറുള്ളതെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
സൗദി നാഷണല്‍ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഒന്നര വര്‍ഷം മുമ്പ് ആരംഭിക്കുകയും കോവിഡിന്റെ വ്യാപനം കാരണം സമയപരിധി നീട്ടിവെക്കുകയും ചെയ്തതാണ്. മൂന്ന് വര്‍ഷത്തേക്കാണ് കമ്മിറ്റികളുടെ കാലാവധി. മിക്ക കമ്മിറ്റികളും നിലവില്‍ വന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിരന്തരം സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് നല്‍കിയതാണ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈ കാര്യങ്ങളില്‍ വരുത്തിയ വീഴ്ചയാണ് നാഷണല്‍ കമ്മിറ്റി നേരിട്ട് മലപ്പുറം ജില്ല കമ്മിറ്റിക്ക് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. അംഗത്വ അപേക്ഷകളില്‍ അന്തിമ അനുമതി നാഷണല്‍ കമ്മിറ്റി നല്‍കിയതാണ് മലപ്പുറം ജില്ല കമ്മിറ്റിക്കെതിരെയുള്ള നീക്കത്തിന് കാരണമായത്.
കെഎംസിസിയുടെ ഭരണഘടനാപ്രകാരം വ്യക്തികള്‍ക്കെതിരെയോ, ഘടകങ്ങള്‍ക്കെതിരെയോ അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാനുള്ള പൂര്‍ണ്ണ അവകാശം സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റിന്റെ മാത്രം പരിധിയില്‍ പെട്ടതാണ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലപ്പുറം ജില്ല കമ്മിറ്റിക്കെതിരെ കൈക്കൊണ്ട തീരുമാനം നാഷണല്‍ കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉള്‍പ്പടെയുള്ള നാഷണല്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ പറഞ്ഞതായി മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ട്രഷറര്‍ കുഞ്ഞിപ്പ തവനൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.