Sauditimesonline

V P MOHAMED S
ജെഎന്‍എച് സ്ഥാപകനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിനു പിന്നില്‍?

നിറഞ്ഞാടി മലപ്പുറം; കാസര്‍ഗോഡ്-കോഴിക്കോട് സമനിലയില്‍

റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട മലപ്പുറം നാലാം ആഴ്ചയില്‍ കളം നിറഞ്ഞാടിയതോടെ എതിരാളികള്‍ നിലംപരിശായി. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ മലപ്പുറത്തിനെതിരെ എറണാകുളം പെനാല്‍റ്റി ഗോള്‍ നേടിയത് ഞെട്ടിച്ചു. നിയാസ് ഇഖ്ബാല്‍ ആണ് മലപ്പുറത്തിന്റെ ഗോള്‍ വല കുലുക്കിയത്. ഇതോടെ ഉണര്‍ന്നു കളിച്ച മലപ്പുറം അഞ്ചു ഗോളുകള്‍ക്കാണ് എറണാകുളത്തെ മുട്ടുകുത്തിച്ചത്. മലപ്പുറത്തിന് പിന്തുണയുമായി സ്‌റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് ആരാധകരെ തുടക്കത്തില്‍ നിരാശരാക്കിയെങ്കിലും മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ മലപ്പുറത്തിന്റെ ഫാസില്‍ കെ പി നേടിയ മനോഹരമായ ഗോള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇതാണ് കളി അവസാനിക്കുമ്പോള്‍ അഞ്ചു ഗോളുകളായി മാറിയത്.

രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് എറണാകുളത്തിന്റെ വല തുളച്ച് കയറിയത്. മലപ്പുറത്തിന് വേണ്ടി ഫാസില്‍ കെ പി രണ്ട് ഗോളുകളും മുഹമ്മദ് റിയാസ്, ജിന്‍ഷാദ് പി വി, അര്‍ഷാദ് എന്നിവര്‍ ഓരോ ഗോളും നേടി. മലപ്പുറത്തിന്റെ ഫാസില്‍ കെ പി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹനായി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ കാസര്‍കോട് കെഎംസിസിയും കോഴിക്കോട് കെഎംസിസിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മികച്ച താര നിരയുമായി കളത്തിലിറങ്ങിയ ഇരു ടീമുകളും ഗോളിലേക്ക് നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ ലീഗ് റൗണ്ടിലെ അവസാന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായി. കാസര്‍കോടിന്റെ നജ്മല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അബ്ദു റഹ്മാന്‍ ഫറൂക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.

ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഷരീഫ് അരീക്കോട്, മുജീബ് മുവാറ്റുപുഴ, സഫീര്‍ തിരൂര്‍, ബഷീര്‍ ഇരുമ്പുഴി, ഷാജഹാന്‍ വളളിക്കുന്ന്, നാസര്‍ മഞ്ചേരി, ഖമറുദ്ദീന്‍ പെരിന്തല്‍മണ്ണ, ഷുക്കൂര്‍ തിരൂരങ്ങാടി, നൗഷാദ് അലി സ്‌കോപ്പ്, ഷൗകത്ത് പന്നിയങ്കര, ഇസ്മായില്‍ കരോളം, കുഞ്ഞോയി കോടമ്പുഴ, സിദ്ദീഖ് കുറോളി, ഫിറോസ് കാപ്പാട്, മജീദ് സൊങ്കള്‍, ജമാല്‍ തൃക്കരിപ്പൂര്‍, യാസര്‍ കാസര്‍ക്കോട്, ഫൈസല്‍ ബാബു ഫറോക്ക്, മജീദ് കണ്ണൂര്‍ സ്‌കോപ്പ് എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന കളിയില്‍ കണ്ണൂര്‍ എറണാകുളത്തേയും കാസര്‍ഗോഡ് തൃശ്ശൂരിനെയുംനേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top