
റിയാദ്: സൗദി റോയല്‍ ഗാര്‍ഡില്‍ വനിതകള്‍ സേവനം ആരംഭിച്ചു. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട വനിതാ സുരക്ഷാ ഉദ്യോഗസ്ഥയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രം പങ്കുവെച്ചവര്‍ സന്തോഷവും രാജ്യം കൈവരിച്ച സ്ത്രീശാക്തീകരണ പരിപാടികളില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് റോയല്‍ ഗാര്‍ഡില്‍ വനിതകളെ നിയമിക്കുന്നത്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ല്‍ സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ്, എയര്‍ഫോഴ്‌സ്, സൗദി അറേബ്യന്‍ നേവി, എയര്‍ ഡിഫന്‍സ് ഫോഴ്‌സ്, സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സ്, സായുധ സേന മെഡിക്കല്‍ സര്‍വീസസ് തുടങ്ങിയ സൈനിക വിഭാഗങ്ങളില്‍ സേവനം അനുഷ്ടിക്കാന്‍ വനിതകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അവസരം നല്‍കിയിരുന്നു. സീനിയര്‍ റാങ്കുകളിലേക്ക് വനിതകള്‍ക്ക് എത്തിപ്പെടാന്‍ അവസരം നല്‍കുന്ന സംരംഭം കൂടിയാണിത്. കായിക ക്ഷമത, ബുദ്ധിവൈഭവം, അഭിമുഖം എന്നിവക്കുശേഷം തെരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കിയാണ് സേനയില്‍ നിയമനം നല്‍കുന്നത്. നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് പ്രിസണ്‍സ്, ക്രിമിനല്‍ എവിഡന്‍സ്, കസ്റ്റംസ് എന്നിവയുള്‍പ്പെടെ പൊതുസുരക്ഷയുടെ മുന്‍നിരയില്‍ സൗദി വനിതകള്‍ക്ക് അവസരവും നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
