
ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സന്ദേശമായി വരുന്ന ഒ ടി പി നമ്പര്‍ കൈമാറരുതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവരാണ് മറ്റൊരാളുടെ ഒടിപി ആവശ്യപ്പെടുന്നത്. ബാങ്കുകളോ ഇതര ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് ഒടിപി ആവശ്യപ്പെടില്ല. അതുകൊണ്ടുതന്നെ രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍ സ്വീകരിക്കുന്ന ഒടിപി മറ്റൊരാളുമായും പങ്കുവെക്കരുതെന്ന് സൗദി കേന്ദ്ര ബാങ്ക് അറിയിച്ചു.
ഒരു തവണ മാത്രം ഉപയോഗിക്കാനുളള പാസ്‌വേര്‍ഡാണ് ഒടിപി. ഇത് മറ്റൊരാള്‍ക്ക് കൈമാറുന്നതോടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാത്രമല്ല ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രയോജനപ്പെടുത്തി അക്കൗണ്ട് ഉടമ അറിയാതെ ക്രയവിക്രയം നടത്താന്‍ കഴിയുമെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

ബാങ്കില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ടെലിഫോണില്‍ ഒടിപി ആവശ്യപ്പെടുന്നത് സൈബര്‍ കുറ്റവാളികളാണ്. ഏടിഎം കാര്‍ഡ് പുതുക്കണമെന്ന് ആവശ്യപ്പെട്ടും ഇത്തരത്തില്‍ കോളുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാറുണ്ട്. ഇവര്‍ ഒടിപി തട്ടിയെടുത്ത് അക്കൗണ്ട് ദുരുപയോഗിക്കും. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
