
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ശേഖരം പിടിച്ചെടുത്തതായി നാര്‍കോട്ടിക്‌സ് കണ്‍ട്രാള്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഉറുമാന്‍ പഴം നിറച്ച കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്.

ലബനണില്‍ നിന്നു ഉറുമാന്‍ പഴം നിറച്ച ട്രക്കില്‍ നിന്ന് 24.66 ലക്ഷം ലഹരി ഗുളികകള്‍ കണ്ടെത്തിയതായി നാര്‍കോട്ടിക്‌സ് കണ്‍ട്രാള്‍ ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു. ദമാം കിംഗ് അബ്ദുല്‍ അസീസ് പോര്‍ടില്‍ കസ്റ്റംസിന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്.

ഉറുമാന്‍പഴത്തിന്റെ ഉള്‍ഭാഗം നീക്കം ചെയ്ത് പ്ലാസ്റ്റിക് കവറുകളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഉറുമാന്‍ പഴം നിറച്ച കാര്‍ട്ടണുകളില്‍ ഉറുമാന്‍പഴമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം വിദഗ്ദമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കളളക്കടത്തിനു നേതൃത്വം നല്‍കിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നു വിതരണ ശൃംഖലയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
