
റിയാദ്: സൗദി അറേബ്യയുടെ മൂന്നാമത്തെ വനിതാ അംബാസഡര്‍ ഇനാസ് അല്‍ ശഹ്‌വാനെ സ്വീഡനില്‍ നിയമിച്ചു. 15 രാജ്യങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെയും നിയമിച്ചു. ഇവര്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

2007ല്‍ വിദേശകാര്യ മന്ത്രാലയത്തില്‍നിയമനം ലഭിച്ച ഇനാസ് അഹമദ് അല്‍ ശഹ്‌വാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഉപദേഷ്ടാവാണ്. മന്ത്രാലയത്തിലെ നിരവധി സുപ്രധാന തസ്തികകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താനെ അമേരിക്കന്‍ സ്ഥാനപതിയായി 2019ല്‍ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അമല്‍ അല്‍ മൗലാമിയെ നോര്‍വേ അംബാസഡറായും നിയമിച്ചു. അതിന് ശേഷമാണ് ഇനാസ് അഹമദ് അല്‍ ശഹ്‌വാന്‍ സൗദി അറേബ്യയുടെ മൂന്നാമത്തെ വനിതാ അംബാസഡറാകുന്നത്. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പോര്‍ച്ചുഗല്‍, ഒമാന്‍, ചെക് റിപ്പബ്‌ളിക്,കൊറിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, കൊമോറോസ്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അല്‍ബേനിയ, കെനിയ, അഫ്ഗാനിസ്ഥാന്‍, ക്യൂബ, ചാഡ് എന്നിവിടങ്ങളില്‍ നിയമിതരായ അംബാസഡര്‍മാരും സത്യപ്രതിജ്ഞ ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
