റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ ആരംഭിച്ച പൊടിക്കാറ്റ് പുലര്‍ച്ചവരെ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിന് പുറമെ ഖസീം, ദമ്മാം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞതോടെ ദൂരക്കാഴ്ച ഇല്ലാതായത് റോഡ് ഗതാഗതത്തെ ബാധിച്ചു. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാജ്യത്തെ വടക്കന്‍ നഗരങ്ങളില്‍ ഇന്നലെ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. അലര്‍ജ്ജിയും ശ്വാസതടസ്സവും നേരിട്ട നിരവധിയാളുകള്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ശീത കാലാവസ്ഥയില്‍ നിന്നു മാറുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റ്. മണിക്കൂറില്‍ 40 മുതല്‍ 55 കിലോ മീറ്റര്‍ വേഗതിയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഹൈവേ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റും, സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചയോടെ പൊടിക്കാറ്റിന് ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.