റിയാദ്: സേവന മികവിന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളെ പൗരത്വം നല്‍കി ആദരിച്ച് സൗദി അറേബ്യ. കശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീന്‍ റാഷിദ് കബീര്‍ ദമ്പതികള്‍ക്കാണ് അപൂര്‍വ നേട്ടം. റിയാദിലെ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ നേത്രരോഗ വിദഗ്ധയാണ് ഡോ. ഷിറീന്‍. കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ കണ്‍സല്‍ട്ടന്റ് എമര്‍ജന്‍സി ഡെപ്യുട്ടി ചെയര്‍മാനാണ് ഡോ. ഷമീം.
2023 ഒക്ടോബറില്‍ രാജ്യം പ്രീമിയം ഇഖാമ നല്‍കി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വര്‍ഷം തികയുംമുമ്പാണ് പൗരത്വവും സമ്മാനിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൗരത്വം ലഭിച്ചത് വിസ്മയിപ്പിച്ചെന്ന് ദമ്പതികള്‍ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള പ്രവര്‍ത്തനം കണക്കിലെടുത്താണ് അംഗീകാരം എന്നാണ് കരുതുന്നത്. 2012ലാണ് ഡോ. ഷിറീന്‍ സൗദയിലെത്തിയത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുമ്പോള്‍ നാട്ടിലുള്ള പലരും നിരൂള്‍സാഹപ്പെടുത്തുന്ന അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടല്‍ തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ സൗദിയുമായി വളരെ വേഗം പൊരുത്തപ്പെടാന്‍ കഴിഞ്ഞു.
ചികിത്സ തേടിയെത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവര്‍ത്തകരും സ്വാധീനിച്ചു. അതോടെ മടങ്ങണമെന്ന ചിന്തയെ അടിമുടി മാറ്റി. രാജ്യവും ജനങ്ങളും നല്‍കുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തില്‍ പതിപ്പിച്ചു. മക്കളായ ഫൈഹ ഷമീമിനും ഫിര്‍സ ഷമീമിനും സൗദി ജീവിതത്തിനോടും സംസ്‌കാരത്തിനോടുമാണ് പ്രിയം കൂടുതല്‍. പഠിച്ചതും വളര്‍ന്നതും സൗഹൃദം പടുത്തുയര്‍ത്തിയതും ഈ മണ്ണില്‍ ആയതുകൊണ്ടുതന്നെ മക്കളും സൗദിയെ നേഞ്ചോടു ചേര്‍ത്തു. പൗരത്വം ലഭിച്ച വാര്‍ത്തയറിഞ്ഞതോടെ സ്വദേശി സുഹൃത്തുക്കളായ നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു.
ഞങ്ങളുടെ സമൂഹത്തിന്റ ഭാഗമാകുന്നു എന്നറിയുന്നതില്‍ ആഹ്ലാദം, രാജ്യം നിങ്ങളെ ആദരിച്ചു എന്നറിയുമ്പോള്‍ അതിലേറെ ആഹ്ലാദവും അഭിമാനവും എന്നാണ് സൗദി സുഹൃത്തുക്കള്‍ പങ്കുവെച്ചതെന്ന് ഡോ. ഷിറീന്‍ പറയുന്നു. ജമ്മുകാശ്മീരില്‍ ആതുരശുശ്രൂഷ, ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളാണ് ഇരുവരുടേതും. സൗജ്യന്യ ചികിത്സയും മരുന്നും ഉള്‍പ്പടെ നിര്‍ധനരായവരെ സാഹായിക്കുന്ന ഒട്ടനവധി പദ്ധതികള്‍ക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ ഡോ. ഷമീം ഇപ്പോഴും നേതൃത്വം കൊടുക്കുന്നുണ്ട്. അത് തുടരുമെന്നും മികച്ച സംവിധാനത്തോടെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു. സൗദി പൗരത്വം ലഭിക്കുന്നതോടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്നത് സ്വാഭാവികം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.