
റിയാദ്: യോഗ്യതയും അക്രഡിറ്റേഷനും ഇല്ലാതെ ജോലി ചെയ്ത 34 എഞ്ചിനീയര്‍മാരെ കസ്റ്റഡിയിലെടുത്തതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വക്താവ് എന്‍ജി. സ്വാലിഹ് അല്‍ ഉമര്‍. എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയും കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ച് ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2024 സെപ്തംബര്‍ വരെ ആയിരത്തിലധികം പരിശോധനകളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്തിയത്. ഓഫീസുകള്‍, എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. വിവിധ ജോലികളില്‍ ജോലി ചെയ്യുന്ന 210 ജീവനക്കാര്‍ക്കെതിരെ നാനൂറിലധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എന്‍ജിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിയമ ലംഘനം നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. യോഗ്യതയില്ലാതെ എന്‍ജിനീയറായി ആള്‍മാറാട്ടം നടത്തുന്നതും പ്രഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാതെ എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്നതും കുറ്റകരമാണ്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ എന്‍ജിനീയറിങ് ജോലികള്‍ ഏറ്റെടുക്കുന്നതും നിയമ ലംഘനമമാണെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വ്യക്തമാക്കി.

സൗദി അറേബ്യയില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യാനുളള അടിസ്ഥാന യോഗ്യത പ്രഫഷനല്‍ അക്രഡിറ്റേഷന്‍ നേടുക എന്നതാണ്. അക്കാദമിക് സര്‍ട്ടിഫിക്കേറ്റിന്റ ആധികാരികത പരിശോധിച്ച് വിവിധ ഘട്ടങ്ങള്‍ വിലയിരുത്തിയാണ് സൗദി എഞ്ചിനീയേഴ്‌സ് കൗണ്‍സില്‍ അന്തിമ അക്രഡിറ്റേഷന്‍ നല്‍കുന്നത്.

നിയമം ലംഘനം നടത്തുന്നവര്‍ക്കു ഒരു വര്‍ഷം വരെ തടവോ 10 ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പ്രഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാതെ എന്‍ജിനീയറിങ് ജോലികള്‍ ചെയ്താല്‍ 10 ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.