
റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് മുപ്പത്തിയഞ്ചാം ജന്മദിനം. ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും സൗദിയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേതാവിന് ആശംസകള്‍ നേര്‍ന്നു.
രാജ്യത്ത് വിപ്ലവകരമായ പരിവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ ഭരണാധികാരി എന്ന നിലയിലാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച വിഷന്‍ 2030ന് വന്‍ സ്വീകാര്യതയാണ് ദേശീയ അന്തര്‍ദേശീയ രംഗത്ത് ലഭിച്ചത്. സമഗ്ര വികസനവും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
വനിതകളുടെ ശേഷി രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വനിതാ ശാക്തീകരണത്തിന് നിരവധി പദ്ധതികളും നടപ്പിലാക്കി. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു. നാഷണല്‍ ഗാര്‍ഡ്, കസ്റ്റംസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക് തുടങ്ങി സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ വനിതകളെ നിയമിച്ചതും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേട്ടമാണ്. വനിതകള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഏറെ സ്വാധീനം നേടാനും ഇതു സഹായിച്ചു.
2017 ജൂണിലാണ് കിരീടാവകാശിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഏറ്റെടുത്തത്. 35ാം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ വിവിധ ഹാഷ് ടാഗുകളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
