
റിയാദ്: സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച റമദാന്‍ മാസത്തില്‍ നടത്താന്‍ ധാരണ. കഴിഞ്ഞ ദിവസം ഇരു നേതാക്കളും ടെലിഫോണില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കൂടിക്കാഴ്ചയെന്ന സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും റമദാന്‍ മാസത്തില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇരു മന്ത്രിമാരും നിരവധി നയതന്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. രണ്ടു മാസത്തിനകം ഇരു രാജ്യങ്ങളിലും എംബസി തുറന്നു പ്രവര്‍ത്തിക്കാനും ധാരണയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വിദേശ കാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച.

സൗദിയും ഇറാനും വര്‍ഷങ്ങളായി തുടരുന്ന ശീത സമരം അവസാനിക്കുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറു വര്‍ഷത്തിലേറെയായി യമന്‍ വിമതരായ ഹൂതികളും അറബ് സഖ്യ സേനയും യുദ്ധത്തിലാണ്. ഇറാനുമായി നയതന്ത്ര ബന്ധം പുന സ്ഥാപിക്കുന്നതോടെ യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.





