Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

റിയാദ്: സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്‌ഛേദിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന കൂടിക്കാഴ്ചക്ക് വേദി ഒരുങ്ങിയത്.

സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതുശോഭ പകര്‍ന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇറാന്‍-സൗദി ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെയും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലായഹ്‌യാന്റെയും കൂടിക്കാഴ്ച.

സൗദി-ഇറാന്‍ നേരിട്ടുളള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനും ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസ ലഭ്യമാക്കാനുളള നടപടി വേഗത്തിലാക്കാനും മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി.

ഇറാനിലെ തെഹ്‌റാനിലും മശ്ഹദിലും സൗദി നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കും. സൗദിയിലെ റിയാദില്‍ ഇറാന്‍ എംബസിയും ജിദ്ദയില്‍ കോണ്‍സുലേറ്റ് തുറക്കാനും ധാരണയായി. 1998ലും 2001ലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ച നിരവധി ഉഭയകക്ഷി കരാറുകളുണ്ട്. ഇത് നടപ്പിലാക്കാനും മന്ത്രി മാരുടെ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഇറാന്‍ മന്ത്രിയെ സൗദിയിലേക്കും സൗദി മന്ത്രിയെ ഇറാനിലേക്കും ക്ഷണിച്ചു. ഇരുവരും ക്ഷണം സ്വീകരിച്ചു.

സൗദിയും ഇറാനും വര്‍ഷങ്ങളായി തുടരുന്ന ശീത സമരം അവസാനിക്കുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയും. ഇറാന്‍ പിന്തുണയുളള ഹൂതികള്‍ നടത്തുന്ന യുദ്ധത്തിന് അറുതിവരുത്താനും പുതിയ നയതന്ത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top