റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദിയും ഇറ്റലിയും ധാരണാ പത്രം ഒപ്പുവെച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചത്.
ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി പ്രസിഡന്റ് ജോര്‍ജിയോ സക്കോക്കിയും സൗദി സ്‌പേസ് കമ്മീഷന്‍ സിഇഒ മുഹമ്മദ് അല്‍ തമീമിയുമാണ് സഹകരണ കരാര്‍ ഒപ്പുവച്ചത്. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിജി ഡി മായോ, സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം ഒപ്പുവെച്ചത്.
ഭൂമിയുടെ നിരീക്ഷണം, ബഹിരാകാശ സാങ്കേതികവിദ്യ, ആശയവിനിമയം, ശാസ്ത്ര ദൗത്യങ്ങള്‍, മനുഷ്യ പര്യവേക്ഷണ പരിപാടികള്‍, ഉപഗ്രഹങ്ങള്‍, പരിശീലനം എന്നിവ സംബന്ധിച്ച് സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ കരാര്‍.
ബഹിരാകാശ ഗവേഷണ രംഗത്തെ ശാസ്ത്രീയ വിവരങ്ങളുടെ കൈമാറ്റം, സംയുക്ത സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവയും കരാറിന്റെ ഭാഗമാണ്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിജി ഡി മായോ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി കൂടിക്കാഴ്ചയും നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.