
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്പാര്‍ക് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴിയാണ് വിദേശികള്‍ പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനില്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മൂന്ന് ഘട്ടങ്ങളാണുളളത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള സുപ്രധാന ആനുകൂല്യങ്ങള്‍ക്കു അവകാശം ഉണ്ടാകും. ഇതായിരിക്കും വിദേശികളെ മുഖ്യമായും ആകര്‍ഷിക്കുന്ന ഘടകം.
അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനക്കു ശേഷം ഇ മെയില്‍ വഴി അറിയിപ്പ് ലഭിക്കും. സ്ഥിര താമസത്തിന് എട്ട് ലക്ഷം റിയാലും ഓരോ വര്‍ഷം പുതുക്കുന്നതിന് ഒരു ലക്ഷം റിയാലുമാണ് ഫീസ് അടക്കേണ്ടത്. പണം അടച്ചതിന് ശേഷം 30 ദിവസത്തിനകം പ്രീമിയം ഇഖാമ ലഭിക്കും.
പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ആവശ്യം ഇല്ല എന്നതാണ് വിദേശികളെ ആകര്‍ഷിക്കുന്നത്. സംരംഭം തുടങ്ങുന്നതിനും ജോലി ചെയ്യുന്നതിനും ഇവര്‍ക്ക് അവകാശം ഉണ്ട്. കുടുംബാംഗങ്ങള്‍ക്ക് വിസ നേടുന്നതിനും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനും പ്രീമിയം ഇഖാമ ഉടമകള്‍ക്ക് അനുമതി ഉണ്ട്.
വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നാണ് പ്രീമിയം ഇഖാമ. ഇതുവഴി വന്‍ നിക്ഷേപ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.