ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഗാ പ്രോജക്ടുകളുടെ നിര്‍മ്മാണം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 2030 വേള്‍ഡ് എക്‌സ്‌പോ, 2036 ഫിഫ വേള്‍ഡ് കപ്പ് എന്നിയ്ക്ക് ആതിഥ്യം അരുളാനുളള ഒരുക്കത്തിലുമാണ്. അതുകൊണ്ടുതന്നെ നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിയ്ക്ക് പ്രചോദനം നല്‍കുന്ന രാജ്യന്തര സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും വേദിയൊരുക്കുകയാണ് റിയാദ് നഗരം. അത്തരത്തില്‍ നടന്ന ഒന്നാണ് സൗദി ബിള്‍ഡ് എക്‌സ്‌പോ.
പതിമൂന്ന് പ്രവിശ്യകളുളള സൗദി അറേബ്യയുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനു പുറമെ നിയോം നഗരം, ക്വിദ്ദിയ എന്റര്‍ടൈന്‍മെന്റ് സിറ്റി, റിയാദിലെ ന്യൂ മുറബ്ബ പ്രൊജക്ട, ദിര്‍ഇയ്യ വികസന പദ്ധതി, സ്മാര്‍ട്ട് സിറ്റികള്‍, കിംഗ് സല്‍മാന്‍ പാര്‍ക്ക്, സ്‌പോര്‍ട്‌സ് േബാളിവാഡ് തുടങ്ങിയ പ്രൊജക്ടുകളും നടക്കുന്നുണ്ട്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, റോയല്‍ കമ്മീഷന്‍, വിവിധ മന്ത്രാലയങ്ങള്‍, സ്വകാര്യ പങ്കാളിത്തം എന്നി വഴി 2.9 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള പുതിയ പ്രോജക്റ്റുകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അതുകൊകുതന്നെ സുസ്ഥിര നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്താന്‍ ആറു വിഭാഗങ്ങളിലാണ് സൗദി ബിള്‍ഡ് പ്രദര്‍ശനം അരങ്ങേറിയത്.
കണ്‍സ്ട്രക്ഷന്‍ ആന്റ് ബിള്‍ഡിംഗ് മെറ്റീരിയല്‍, ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍ കണ്ടീഷനിംഗ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഫിനിഷിംഗ്, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജീസ് ആന്റ് സര്‍വ്വീസസ്, പഌന്റ്‌സ് ഹെവി മെഷിനറി ആന്റ് വെഹിക്കിള്‍സ്, സ്‌റ്റോണ്‍ ടെക് എന്നീ വിഭാഗങ്ങളില്‍ പുതിയ ഉത്പ്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യകളും സൗദി ബിള്‍ഡ് എക്‌സിബിഷനില്‍ പരിചയപ്പെടുത്തി.
35 രാജ്യങ്ങളില്‍ നിന്നുള്ള 600 ലധികം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. നിര്‍മ്മാണ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഒത്തുചേരലിനാണ് റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍ സാക്ഷ്യം വഹിച്ചത്.
സുസ്ഥിര നിര്‍മാണ സാമഗ്രികള്‍, സ്മാര്‍ട്ട് സിറ്റി സൊല്യൂഷനുകള്‍, എഫിഷ്യന്റ് എനര്‍ജി സിസ്റ്റംസ്, ഏറ്റവും പുതിയ യന്ത്രസാമഗ്രികള്‍, ജലമാലിന്യ മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയവയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളിലും സാങ്കേതികവിദ്യകളിലും പ്രദര്‍ശനത്തില്‍ ഇടംനേടി.
ഒറ്റനോട്ടത്തില്‍ മുളയെന്നു തോന്നുന്ന ഇന്തോനേഷ്യയില്‍ നിന്നുളള ആര്‍ട്ടിഫിഷ്യല്‍ ബാംബൂ ഉത്പ്പന്നങ്ങള്‍ ആകര്‍ഷകമാണ്. പ്ലാസ്റ്റിക് മുളകള്‍, സിന്തറ്റിക് ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വിവിധ ഡിസൈനിംഗിലുളള ബാംബു നെറ്റ് എന്നിവ ഈടും ഉറപ്പും ഭംഗിയും പ്രധാനം ചെയ്യുന്നു. മാത്രമല്ല നെയ്‌തെടുക്കുന്ന നാച്ചുറല്‍ ബാബു നെറ്റിനേക്കാള്‍ വിലയും കുറവാണ്.
കെട്ടിട സമുച്ചയങ്ങള്‍ അലങ്കരിക്കുന്നതിന് വ്യത്യസ്ഥ ഡിസൈനിംഗിലുളള ത്രീഡി ടൈലുകളാണ് മറ്റൊരു ആകര്‍ഷണം. വീടുകള്‍, ഓഫീസുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ ഭിത്തികള്‍ സൗണ്ട് പ്രൂഫ് ചെയ്യുന്നതിനും ഇതു ഉപകരിക്കും. ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വായു നിറച്ച് കനംകുറഞ്ഞ അലുമിനിയം സ്ട്രക്ചറില്‍ നിര്‍മ്മിക്കുന്ന വിവിധയിനം കൂടാരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭാരക്കുറവും അതിവേഗം കൂട്ടിയോജിപ്പിക്കാനും കൊണ്ടുനടക്കാനും കഴിയുന്നവയാണ് ഇത്തരം ടെന്റുകള്‍.
സൗദി അറേബ്യയില്‍ നിര്‍മ്മിക്കുന്ന നൂറുകണക്കിന് ഉത്പ്പന്നങ്ങളുടെ ശേഖരമാണ് സൗദി ബിള്‍ഡ് എക്‌സിബിഷനിലെ മറ്റൊരു പ്രത്യേകത. വിദേശ രാജ്യങ്ങളിലെ മുന്‍നിര നിര്‍മ്മാതാക്കളുമായി സഹകരിച്ച് സൗദിയില്‍ ഉത്പ്പാദനം ആരംഭിച്ചത് പ്രതിഫലിപ്പിക്കുന്നതുകൂടിയായിരുന്നു ‘സൗദി മെയ്ഡ്’ എന്ന് രേഖപ്പെടുത്തിയ പ്രത്യേക വിഭാഗം.
വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മെയ്ഡ് ഇന്‍ സൗദി പ്രോഗ്രാം. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മെയ്ഡ് സൗദി പദ്ധതി. 2030 ആകുന്നതോടെ എണ്ണയിതര വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുന്നതിന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ്, സൗദി എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയാണ് സൗദി മെയ്ഡ് പദ്ധതി നടപ്പിലാക്കുന്നത്. സൗദി മെയ്ഡ പദ്ധതിയുടെ ഭാഗമായി ഉത്പ്പാദനം തുടങ്ങിയ സേഫ്റ്റി ഷൂ, ഇന്റീരിയര്‍ ആക്‌സസറീസ്, പ്ലംബിംഗ് തുടങ്ങി നിരവധി സംരംഭകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
സൗദി ദുര്‍മയിലെ അഞ്ച് ക്വാറികളില്‍ നിന്നു ശേഖരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓട്, ഇഷ്ടിക, ഫ്‌ളോര്‍ ടൈല്‍സ് ഉള്‍പ്പെടെ ഇരുപതിലധികം ഉത്പ്പന്നങ്ങളാണ് അല്‍ യമാമ കമ്പനി പ്രദര്‍ശിപ്പിച്ചത്. വീടുകളുടെ മേല്‍ക്കൂരയില്‍ പാകാനുളള വിവിധയിനം ഓടുകകള്‍ ഉള്‍പ്പെടെയുളള ഉത്പ്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്കും കയറ്റി അയക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓടുകളേക്കാള്‍ കുറഞ്ഞ വിലയും മികച്ച ഫിനിഷിംഗും സൗദി ഉത്പ്പന്നത്തിന് കൂടുതല്‍ ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഭാവി കെട്ടിപ്പടുക്കുന്നതിന് രാജ്യാന്തര ഉച്ചകോടി എന്ന പ്രമേയത്തില്‍ നിര്‍മ്മാണ മേഖലയില്‍ ലോകപ്രശസ്തരായ വിദഗ്ദര്‍ നയിച്ച ചര്‍ച്ച, സംവാദം എന്നിവയും സൗദി ബിള്‍ഡ് എക്‌സിബിഷന്റെ ഭാഗമായി അരങ്ങേറി. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം സൗദി അറേബ്യയുടെ അതിവേഗ വികസനക്കുതിപ്പിന് കരുത്തുപകരും എന്ന കാര്യത്തില്‍ സംശമയില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.