Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

പറക്കാനൊരുങ്ങി സൗദിയ; പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി സൗദിയ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ മെയ് 17 മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസര്‍ അറിയിച്ചു. സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ 2020 മാര്‍ച്ച് മുതല്‍ ് സൗദി എയല്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയിരുന്നു. മാസങ്ങള്‍ക്കു ശേഷം ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല.
വ്യോമ ഗതാഗതം സമ്പൂര്‍ണമായി നിലവില്‍ വരുമെന്നും സൗദിയിലെ ജനജീവിതം സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ. എന്നാല്‍ സൗദി-ഇന്ത്യ സെക്ടറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. കൊവിഡ് രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്ന് നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് മാത്രമാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സൗദിയിലെത്താന്‍ സൗകര്യമുളളത്.

ഇന്ത്യയില്‍ നിന്നു ബഹ്‌റൈന്‍, മാല്‍ദ്വീവ്‌സ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ സൗദിയിലെത്തുന്നത്. മെയ് 17ന് ശേഷം സൗദി-ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചില്ലെങ്കില്‍ എയര്‍ ബബ്ള്‍ കരാറെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ക്രമീകരണമാണ് എയര്‍ ബബിള്‍ കരാര്‍. ഇതുപ്രകാരം ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താന്‍ കഴിയും. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമ ഗതാഗതം സ്തംഭിച്ചതോടെ ഇന്ത്യ 27 രാഷ്ട്രങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങള്‍ക്കും ഒരുപോലെ അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന്റെ ഗുണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് എയര്‍ ബബിള്‍ കരാര്‍ ലക്ഷ്യം വെക്കുന്നത്.

ഏവിയേഷന്‍ രംഗത്ത് കൂടുതല്‍ ഉഭയകക്ഷി സഹകരണത്തിന് ഇന്ത്യ പല രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്. അതില്‍ സുപ്രധാന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ജിസിസി രാജ്യങ്ങളില്‍ ഇന്ത്യ സൗദി സെക്ടറിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുളളത്. അതുകൊണ്ടുതന്നെ എയര്‍ ബബിള്‍ കരാര്‍ സാധ്യമാക്കാനാണ് ശ്രമം തുടരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top