റിയാദ്: തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യക്കാരന്‍ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ ആകസ്മിക വിയോഗം അറിയിച്ചിട്ടും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കിയില്ല. ശാരീരികമായും മാനസികമായും പീഡനം നേരിട്ട യുവാവ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
ട്രക്ക് ഡ്രൈവറായി എട്ട് മാസം മുമ്പ് റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെത്തിയ ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അഭിമന്യു (42) ആണ് ദുരിതപര്‍വത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ 13ന് ഭാര്യ സീത സമന്തറായ് നാട്ടില്‍ മരിച്ചു. പ്രിയതമയെ അവസാനം ഒരു നോക്കു കാണാന്‍ അനുമതി ചോദിച്ചെങ്കിലും തൊഴിലുടമ നിഷേധിച്ചു. മാത്രമല്ല സ്‌പോണ്‍സര്‍ ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി ഇടപ്പെടുകയായിരുന്നു.
പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകന്‍ നിഹ്മത്തുള്ളയെ സ്‌പോണ്‍സറുമായി സംസാരിക്കാന്‍ എംബസി നിയോഗിച്ചു. കരാര്‍ പ്രകാരം 2 വര്‍ഷം കഴിയാതെ വിടില്ലെന്നായിരുന്നു സ്‌പോണ്‍സറുടെ നിലപാട്. ഇതോടെ ഇന്ത്യയില്‍ റിക്രൂട്‌മെന്റ് നടത്തിയ ഏജന്റുമായി എംബസി ബന്ധപ്പെട്ടു.
സൗദിയിലെത്തി എട്ട് മാസം കഴിഞ്ഞിട്ടും അഭിമന്യുവിന്ന് ഇഖാമ നല്‍കിയിരുന്നില്ല. 3 മാസം ശമ്പളം കുടിശ്ശികയുമുണ്ട്. വിവരങ്ങള്‍ ഏജന്റിനെ അറിയിച്ചപ്പോള്‍ ശമ്പളം നല്‍കുന്ന വീഡിയോ ഏജന്റിന് നല്‍കി തടിതപ്പാനാണ് സ്‌പോണ്‍സര്‍ ശ്രമിച്ചത്. വീഡിയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്നും ശമ്പളം മടക്കി വാങ്ങിയതായും അഭിമന്യു എംബസിയെ അറിയിച്ചു. എംബസി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം തൊഴിലുപേക്ഷിച്ച് എംബസിയില്‍ അഭയം തേടിയ അഭിമന്യൂവിന് തര്‍ഹീല്‍ വഴി എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കി.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ലേബര്‍ അറ്റാചെ ഭഗവാന്‍ മീന, ഓഫിസര്‍മാരായ ഷറഫുദ്ദീന്‍, നസീം എന്നിവരാണ് നിയമ സഹായം നല്‍കിയത്. അഭിമന്യുവിന്ന് റിയാദില്‍ ഹോട്ടല്‍ സൗകര്യവും മുംബൈ നിന്നു ഭുവനേശ്വര്‍ വരെയുള്ള എയര്‍ ടിക്കറ്റും പ്രവാസി വെല്‍ഫയര്‍ നല്‍കി. നിഹ്മത്തുള്ള, ശിഹാബ് കുണ്ടൂര്‍, ബഷീര്‍ പാണക്കാട് എന്നിവരും സഹായഹസ്തവുമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.