റിയാദ്: സന്ദര്‍ശന വിസയില്‍ ആയുര്‍വേദ പഞ്ചകര്‍മ തെറാപ്പി ജോലിക്കെത്തിയ മലയാളി യുവാക്കള്‍ ദുരിതത്തിനൊടുവില്‍ നാടണഞ്ഞു. കേരളത്തില്‍ പലതവണ ആയുര്‍വേദ ചികിത്സക്കെത്തിയ അറബിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ വൈക്കം സ്വദേശി എല്‍ദോ കൃഷ്ണന്‍, പാലക്കാട് ചിറ്റൂര്‍ സ്വദേശി പ്രേം കുമാര്‍ എന്നിവരെ കേളി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. അറബിയുമായി ആറു വര്‍ഷത്തെ പരിചയവും സൗഹൃദവുമുണ്ട്.
രണ്ടാഴ്ച മുമ്പ് റിയാദ് എയര്‍പോര്‍ട്ടിലെത്തിയ ഇവരെ സ്‌പോണ്‍സര്‍ സ്വീകരിക്കാനെത്തിയെങ്കിലും റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യ, 380 കിലോമീറ്റര്‍ അകലെ അല്‍ റെയ്‌ന എന്നീ വ്യത്യസ്ത പ്രദേശങ്ങളില്‍ മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്താണ് ഇരുവരെയും താമസിപ്പിച്ചത്. എയര്‍പോര്‍ട്ടിലെത്തിയ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും പിന്നീട് ബന്ധപ്പെടാന്‍ അനുവദിച്ചില്ല.
ഇവരെ ഉപയോഗിച്ച് പലരേയും പഞ്ചകര്‍മ തെറാപ്പി ചെയ്യിപ്പിച്ചു. മതിയായ ഭക്ഷണം ഇല്ലാതെ കടുത്ത പീഡനം നേരിട്ടതോടെ വെളളം എത്തിക്കുന്ന ഡ്രൈവറുടെ ഫോണില്‍ നിന്നു എല്‍ദോ വീട്ടിലേക്ക് സന്ദേശം അയച്ചു. മദീനയിലെ നവോദയയുമായി ഇവരുടെ കുടുംബം ബന്ധപ്പെട്ടു. ജീവകാരുണ്യ കമ്മറ്റി അംഗം നിസാര്‍ കരുനാഗപ്പള്ളി കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖിനെ വിവരം അറിയിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ വിവരം നല്‍കിയ ശേഷം കേളി പ്രവര്‍ത്തകര്‍ അന്വേഷണം ആരംഭിച്ചു. വീട്ടുകാര്‍ നല്‍കിയ നമ്പരില്‍ കേളി പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് താമസ കേന്ദ്രം കണ്ടെത്തിയത്.
വിസിറ്റിംഗ് വിസ കാലാവധി കഴിയാത്തതിനാല്‍ രാജ്യം വിടുന്നതിന് ഇവര്‍ക്ക് തടസ്സം ഉണ്ടായിരുന്നില്ല. കേളി പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് റിയാദ് എയര്‍പ്പോര്‍ട്ട് വഴി ഇവര്‍ മടങ്ങി.
ആയുര്‍വേദ ചികിത്സയ്ക്ക് സൗദിയില്‍ അംഗീകാരമില്ല. സന്ദര്‍ശന വിസയില്‍ ജോലി ചെയ്യാന്‍ സൗദി തൊഴില്‍ നിയമം അനുവദിക്കുന്നുമില്ല. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ വിസയില്‍ മാത്രമേ ജോലി കണ്ടെത്താന്‍ പാടുളളൂ. ഇത്തരം പ്രാഥമിക വിവരങ്ങള്‍ അറിയാതെ കേരളത്തില്‍ ചികിത്സക്കെത്തുന്നവരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.