റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം റിയാദ് ഇനീഷ്യേറ്റീവ് എഗെയ്ന്‍സ്റ്റ് സബസ്റ്റന്‍സ് അബ്യൂസ് (റിസ) പരിശീലകര്‍ക്ക് ഏര്‍പ്പെടുത്തിയ പരിശീലനപരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള ഓണ്‍ലൈന്‍ മൂല്യ നിര്‍ണയപരീക്ഷ റിസ ട്രൈനിംഗ് ഓഫ് ട്രൈനര്‍ (റിസ ടോട്ട്) മെയ് 25ന് സൗദി സമയം വൈകീട്ട് 7നു നടക്കും.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ഗ്രേഡ് 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തി നാനൂറിലധികം പേരാണ് ആദ്യഘട്ട പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നാംഘട്ട വെബിനാറില്‍ പങ്കെടുക്കുകയും റിസയുടെ സര്‍വേ ചോദ്യാവലി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം.
പരീക്ഷാ ലിങ്ക് ഇമെയില്‍ ആയി അയക്കും. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31നു റിസ സംഘടിപ്പിക്കുന്ന വെബിനാറില്‍ വിജയികളെ പ്രഖ്യാപിക്കും. അവര്‍ക്കുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം ഫലപ്രദമായി തടയുവാന്‍ പൊതുസമൂഹത്തെ പ്രാപ്തരാക്കാന്‍ ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഇടയില്‍ നിന്ന് പരിശീലനത്തിലൂടെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയാണ് റിസാ ടോട്ട്. പതിനായിരം പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.