റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ തായ്‌ലന്‍ഡ് ഹലാല്‍ ഫുഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു. റിയാദ് യാര്‍മൂക്ക് അത്‌യാഫ് മാളിലെ ലുലു ഹൈപ്പറില്‍ നടന്ന ഫെസ്റ്റിവല്‍ തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോണ്‍ പ്രമുദ്വിനയ് ഉദ്ഘാടനം ചെയ്തു. ലുലു സൗദി റീജയനല്‍ ഡയറക്ടര്‍ ഷഹിം മുഹമ്മദ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ജിദ്ദയില്‍ തായ്‌ലന്റ് കോണ്‍സല്‍ ജനറല്‍ സൊറാദ്ജാക്ക് പുരനസമൃദ്ധി തായ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മെയ് 15 മുതല്‍ 18 വരെ സൗദി അറേബ്യയില്‍ തായ്‌ലന്‍ഡ് ഉപപ്രധാനമന്ത്രി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഫെസ്റ്റിവലിന്റെ ഉദ്ഘാടനം.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ചരിത്ര പ്രസിദ്ധമായ വാസ്തുവിദ്യ, അതിപുരാതന പ്രകൃതി സൗന്ദര്യം, രുചികരമായ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ വിളക്കുമാടമാണ് തായ്‌ലന്റ്. ലോക ജനങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന നയമാണ് തായ്‌ലന്റ് സ്വീകരിച്ചിട്ടുളളത്.
തായ്‌ലന്റിന്റെ ആഭ്യന്തര വിപണിയിലും അന്തര്‍ദ്ദേശീയ രംഗത്തും തായ് ഉല്‍പ്പന്നങ്ങള്‍ ഹലാല്‍ ആണെന്ന് ഔദ്യോഗിക ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഗോള ഹലാല്‍ വിതരണ ശൃംഖലയില്‍ തായ്‌ലന്‍ഡ് ഉത്പ്പന്നങ്ങള്‍ക്ക് ഏറെ വിപണി സാധ്യതയാണുളളത്.
ലുലു ഹൈപ്പറും സൗദി അറേബ്യയിലെ റോയല്‍ തായ് എംബസിയും സഹകരിച്ചാണ് തായ്‌ലന്‍ഡ് ഹലാല്‍ ഉത്പ്പന്നങ്ങളുടെ പ്രമോഷന്‍ ഒരുക്കിയിട്ടുളളത്. ഭക്ഷണം, സംസ്‌കാരം, ടൂറിസം എന്നിവയിലൂടെ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും തായ് ഉല്‍പ്പന്നങ്ങളും പാചകരീതികളും പരിചയപ്പെടാന്‍ അവസരം ഉണ്ട്. ഇതിന്റെ ഭാഗമായി മെയ് 21 വരെ എല്ലാ ലുലു സ്‌റ്റോറുകളിലും വിവിധ പരിപാടികള്‍ നടക്കും. തായ്‌ലന്‍ഡില്‍ നിന്നുള്ള 500ലധികം ഉല്‍പ്പന്നങ്ങള്‍ ലുലു സ്‌റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. വിവിധ പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
‘ലോക അടുക്കള’ എന്ന വിശേഷണമുളള തായ് ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഏറ്റവും മികച്ച ശാസ്ത്ര, സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുളളത്. തായ്‌ലന്‍ഡ് ലോകത്തിലെ ഭക്ഷ്യ സംഭരണ ശാലകളില്‍ സുപ്രധാന രാജ്യമാണ്. സമൃദ്ധമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് തായ്‌ലന്‍ഡെന്ന് ഷെഹിം മുഹമ്മദ് പറഞ്ഞു. ‘തായ് ഭക്ഷണം ലോകത്തിലെ ജനപ്രിയ വിഭവമാണ്. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന തായ് സാധനങ്ങള്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.