
ദമ്മാം: കറുത്ത പെണ്ണിന്റെയും പരീക്കുട്ടിയുടെയും പ്രണയനോവുകളും, പുന്നപ്ര വയലാറിലെ വിപ്ലവഗീതങ്ങളും, കുട്ടനാടന്‍ ചെളിയിലെ വിയര്‍പ്പിന്റെയും ഗന്ധമുള്ള തകഴിയുടെ കഥാപ്രപഞ്ചം പുനര്‍ജനിച്ചു. സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് മലയാള സാഹിത്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഒരുക്കിയത്.
യോഗത്തില്‍ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഷജീല ജോഷി അനുസ്മരണ പ്രഭാഷണം നടത്തി. കാല്‍പനികതയുടെ ആകാശസഞ്ചാരങ്ങളില്‍ മുഴുകിക്കിടന്ന മലയാള സാഹിത്യത്തെ മണ്ണിന്റെയും മനുഷ്യന്റെയും പച്ചയായ ജീവിതത്തിലേക്കും വിയര്‍പ്പിലേക്കും കൈപിടിച്ചു നടത്തിയത് തകഴിയെന്ന നാമമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ് തകഴി രചനകളില്‍ തെളിഞ്ഞുവരുന്നത്. കടപ്പുറത്തിന്റെ പശ്ചാത്തലത്തില്‍ നിത്യപ്രണയസ്മാരകമായ ‘ചെമ്മീന്‍’, കര്‍ഷകത്തൊഴിലാളിയുടെ ആത്മരോദനം വരച്ചിട്ട ‘രണ്ടിടങ്ങഴി’, ജാതിവ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ‘തോട്ടിയുടെ മകന്‍’, മാറ്റത്തിന്റെ കാലം അടയാളപ്പെടുത്തിയ ‘കയര്‍’, ബ്യൂറോക്രസിയുടെ കഥ പറയുന്ന ‘ഏണിപ്പടികള്‍’ എന്നിങ്ങനെ തകഴി കണ്ട ജനവിഭാഗങ്ങളുടെ ജീവിതചിത്രങ്ങളായിരുന്നു ഓരോ കൃതിയെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. അറുനൂറിലേറെ കഥകളും മുപ്പതിലേറെ നോവലുകളുമടങ്ങിയ തകഴിയുടെ സാഹിത്യ സംഭാവനകളെ ചടങ്ങ് ആദരവോടെ അനുസ്മരിച്ചു.

മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാന്‍, അഷ്‌റഫ് ആലുവ, ഡോ. രശ്മി ചന്ദ്രന്‍, പി.ടി. അലവി, ഷിജു കലയപുരം, മുസ്തഫ ഹസന്‍, ജ്യോത്സ്‌ന രഞ്ജിത്ത്, സമദ് റഹ്മാന്‍, ഫാത്തിമ ഷാന, സജിത്ത് രാമകൃഷ്ണന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു. മുരളീധരന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസമാന്‍, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, നസീര്‍ പുന്നപ്ര, ഹമീദ് കാണിച്ചാട്ടില്‍, ഉണ്ണികൃഷ്ണന്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. ഷനീബ് അബൂബക്കര്‍ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






