Sauditimesonline

Mobile
പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

റിയാദ്: ലോകത്താകെയുള്ള പ്രവാസി മലയാളികളെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കാനും രൂപം നല്‍കിയ ലോക കേരളസഭ അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ലോക കേരളസഭ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കേളിയുടെ പ്രതികരണം. ലോക കേരളസഭയുടെ ആറാം പതിപ്പിനായി തുക വകയിരുത്തിയിട്ടില്ലെന്നും സെക്രട്ടേറിയറ്റിന്റെ ഭരണച്ചെലവിനും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അവസരമൊരുക്കിയ വേദിയായിരുന്നു ലോക കേരളസഭ. പ്രവാസി സമൂഹത്തെ വെറും പണമയക്കുന്ന വിഭാഗമായി കാണാതെ കേരളത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംവിധാനം രൂപപ്പെട്ടത്. ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി രൂപംകൊണ്ടതും പ്രവാസികളുടെ ജീവിതത്തില്‍ നേരിട്ട് ഇടപെട്ടതുമായ നിരവധി ക്ഷേമപദ്ധതികളുണ്ട്. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് തുടങ്ങിയ പദ്ധതികള്‍ ഇതിന് പ്രധാന ഉദാഹരണങ്ങളാണ്. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതില്‍ ഈ പദ്ധതികള്‍ വലിയ സഹായമാണ് നല്‍കിയത്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഘട്ടങ്ങളിലും നിരവധി പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കാനും ജീവന്‍ രക്ഷിക്കാനും ഇത്തരം പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ ജീവിതാനുഭവങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവ നയപരമായ ഇടപെടലുകളാക്കി മാറ്റാനും ലോക കേരളസഭ വഹിച്ച പങ്കിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.

പ്രവാസി ക്ഷേമം, തൊഴില്‍, സുരക്ഷിത കുടിയേറ്റം, നിയമസഹായം, വിദേശ തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ മേഖലകളിലും നോര്‍ക്ക വഴി നിരവധി ഇടപെടലുകള്‍ നടന്നു. വിദേശത്തുണ്ടാകുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനും വിവിധ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലേക്ക്, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനും നോര്‍ക്ക റൂട്ട്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നടപ്പാക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ വഴി വിദേശ തൊഴില്‍ അവസരങ്ങള്‍ മലയാളികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.

പ്രവാസികളുടെ ആവശ്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ നയപരമായ ഇടപെടലുകളായി മാറുകയും അതുവഴി അവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്ത അനുഭവങ്ങളാണ് കഴിഞ്ഞ കാലത്തുള്ളത്. അത്തരം ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് പ്രവാസി സമൂഹത്തെ ഔദ്യോഗികമായി കേള്‍ക്കാനുള്ള വേദി തന്നെ അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ലോക കേരളസഭയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് സര്‍ക്കാരിന് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കുകയാണ് വേണ്ടത്. പ്രവാസികളുടെ പങ്കാളിത്തത്തിനുള്ള വേദി ഇല്ലാതാക്കുകയല്ല പരിഹാരം. ലോക കേരളസഭയെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാതെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തില്‍ സമീപിക്കണം.

പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുകയും അവ നയരൂപീകരണത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ലോക കേരളസഭ അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവാസി മലയാളികളുടെ പ്രതിനിധിത്വവും പങ്കാളിത്തവും ഉറപ്പാക്കുന്ന ലോക കേരളസഭ തുടരണമെന്നും കേളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top