Sauditimesonline

NIKHILA
കനലില്‍ തെളിയുന്ന ആത്മദര്‍ശനങ്ങള്‍

കനലില്‍ തെളിയുന്ന ആത്മദര്‍ശനങ്ങള്‍

നിഖില സമീര്‍

‘കനല്‍ ചിലപ്പോള്‍ തീയായി ആളിപ്പത്തില്ല. അത് മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദമായിക്കിടന്ന് ജീവിതത്തിന്റെ ദിശ കാട്ടും.’ സുലൈമാന്‍ വിഴിഞ്ഞത്തിന്റെ ‘കനല്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ചിരിക്കുന്ന ഈ വരികളില്‍ ആഴമുള്ളൊരു ജീവിതദര്‍ശനമുണ്ട്. സര്‍ഗ്ഗാത്മകതയെയും മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെയും കൂടുതല്‍ വെളിച്ചത്തിലേക്ക് നയിക്കുന്നത് ഉള്ളിലെ അണയാത്ത കനലുകളും അനുഭവങ്ങളുടെ തീക്ഷ്ണക്കാറ്റുകളുമാണ്.

ജീവിതത്തിലെ സുഖസൗകര്യങ്ങളേക്കാള്‍ മനുഷ്യനെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം അനുഭവസാക്ഷ്യങ്ങളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. അത് സ്വയം സംശുദ്ധീകരണത്തിന്റെ അകക്കാഴ്ച കൂടിയാണ്. ‘വെളിച്ചം നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് ആ മുറിവുകളിലൂടെയാണ്’ എന്ന മൗലാന റൂമിയുടെ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതസത്യങ്ങള്‍ തന്നെയാണ് ഇതിലുടനീളം തെളിയുന്നത്.
‘പിന്നീട് തിരിഞ്ഞുനോക്കുമ്പോഴാണ് ചില പരീക്ഷണങ്ങള്‍ ശിക്ഷയല്ലെന്നും, ചില വേദനകള്‍ ഉപേക്ഷിക്കലല്ലെന്നും, ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നത് നാം ആഗ്രഹിച്ച രൂപത്തിലല്ലെന്നും തിരിച്ചറിയുന്നത്.’

സര്‍വ്വശക്തനായ നാഥന്റെ നിഗൂഢവും മനോഹരവുമായ വഴികളെക്കുറിച്ച് കേവലമായ മാനുഷികചിന്തകള്‍ക്കപ്പുറമുള്ള അര്‍ത്ഥതലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു ‘കനലി’ലെ ഈ വരികള്‍. ജീവിതവും അതിലെ കനല്‍വഴികളുമാണ് മനുഷ്യന്റെ ഏറ്റവും നല്ല ഗുരുനാഥന്മാര്‍. ആ അര്‍ത്ഥത്തില്‍, ഈ പുസ്തകവും അനുഭവതീക്ഷ്ണതയുടെ ചൂടും വെളിച്ചവും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി പകരുന്നുണ്ട്.

ബാല്യത്തില്‍ ആങ്ങളയുമൊത്ത് അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍, വഴിയില്‍ നിന്ന് മുത്ത് പതിപ്പിച്ച ഒരു മൊട്ടുസൂചി കിട്ടിയത് കൗതുകത്തോടെ വീട്ടില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ ഉമ്മിച്ച നല്‍കിയ അടിയും, അന്നുരാത്രി തന്നെ അത് എവിടെ നിന്നാണോ കിട്ടിയത് അവിടെക്കൊണ്ടുപോയി ഇടീച്ച ഓര്‍മ്മയും മനസ്സിലേക്ക് ഓടിയെത്തുന്നു. ‘കനലി’ലെ ‘തിരികെ നല്‍കിയ അരിമണി’ എന്ന അധ്യായം വായിച്ചപ്പോഴാണ് ജീവിതത്തില്‍ ഇന്നോളം കാത്തുസൂക്ഷിക്കുന്ന മൂല്യത്തെക്കുറിച്ച് വീണ്ടും ചിന്തിച്ചത്. സത്യസന്ധതയുടെ വേരുകള്‍ ജീവിതത്തില്‍ ഉറപ്പിച്ചുനല്‍കിയ പ്രിയപ്പെട്ട ഉപ്പയെയാണ് ആ അധ്യായത്തില്‍ സുലൈമാന്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ അക്ഷരങ്ങളില്‍ സ്മരിക്കുന്നത്.

‘വിശപ്പിന്റെ ഏറ്റവും വലിയ വേദന ഭക്ഷണമില്ലായ്മയല്ല; മറിച്ച്, ഭക്ഷണം പാഴാക്കുന്ന ലോകത്തെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്നതാണ്.’

‘ഇവിടെയല്ലേ ഇരുപത് രൂപയുടെ ഊണ് കിട്ടുന്നത്’ എന്ന അധ്യായത്തില്‍ പങ്കുവെക്കുന്ന ഈ നൊമ്പരം വായനക്കാരുടെ ഉള്ളുലയ്ക്കുന്നതാണ്.

‘ഇന്നും അവരുടെ കണ്ണുകളില്‍ മരുഭൂമിയുടെ പൊടിയേക്കാള്‍ കൂടുതല്‍ തിളങ്ങുന്നത് ഉത്തരവാദിത്തത്തിന്റെ വിയര്‍പ്പാണ്.’

രക്തം വിയര്‍പ്പാക്കുന്ന പ്രവാസമെന്ന യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാ തീവ്രതയോടും ആഴത്തോടും കൂടി തൊട്ടറിഞ്ഞൊരാള്‍ക്കേ ഇങ്ങനെയെഴുതാന്‍ സാധിക്കൂ. സേവനം ചെയ്യാനുള്ള അവസരങ്ങള്‍ നീട്ടിവെക്കരുതെന്ന വലിയ പാഠമാണ് ഓരോ താളുകളും ഓര്‍മ്മിപ്പിക്കുന്നത്.

കടുപ്പമുള്ള സുലൈമാനി പോലെ ചേര്‍ത്തുനിര്‍ത്തുന്ന പ്രവാസസൗഹൃദങ്ങളെയും, മരുഭൂമിയില്‍ വേനലില്‍ വെന്തുരുകിയും തണുപ്പില്‍ വിറങ്ങലിച്ചും കഴിയുന്ന മനുഷ്യജീവിതങ്ങളെയും തന്നാലാവും വിധം സ്‌നേഹക്കമ്പിളിയാല്‍ പൊതിഞ്ഞുപിടിച്ചൊരാള്‍ക്ക് ഇങ്ങനെയല്ലാതെ എഴുതാനാവില്ല. എഴുതാതിരിക്കാന്‍ ആവാത്തൊരു മാനസികാവസ്ഥയില്‍ രൂപപ്പെട്ട പുസ്തകമെന്ന പതക്കം ‘കനലി’ന് തീര്‍ച്ചയായും അവകാശപ്പെട്ടതാണ്. വാലന്റൈന്‍സ് ഡേയുടെ ഉന്മാദവും സുജൂദിന്റെ ശാന്തിയും സമാധാനവും ഇതിന്റെ ഇരുപുറങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നു.

വിശപ്പടക്കാന്‍ ഭക്ഷണം കിട്ടുന്ന ജയിലാണ് പുറത്തെ ജീവിതത്തേക്കാള്‍ അനുഗ്രഹമെന്ന് ചിന്തിപ്പിക്കുന്ന ‘പ്രാര്‍ത്ഥന’യും, ‘ആടുകള്‍ക്കൊപ്പം മരുഭൂമിയിലേക്ക് നടന്നുപോകുന്ന മനുഷ്യനെ നോക്കിനില്‍ക്കുമ്പോള്‍ തണുപ്പിലല്ല, ഉള്ളിലെ ചൂടിലായിരുന്നു ഞാന്‍ വിറച്ചത്’ എന്ന വരികളും വായനക്കാരനില്‍ വലിയൊരു മൗനം നിറയ്ക്കുന്നു.

ജീവിച്ചറിഞ്ഞ അനുഭവങ്ങളുടെ കനലാണ് അക്ഷരങ്ങളെ പരിശുദ്ധമാക്കുന്നത്; ഒപ്പം വായിക്കുന്ന ഹൃദയങ്ങളെയും. എം. ബുക്‌സ് പ്രസിദ്ധീകരിച്ച സുലൈമാന്റെ രണ്ടാമത്തെ പുസ്തകം ‘കനല്‍’ നല്‍കുന്ന കാഴ്ചകള്‍ കൂടുതല്‍ ഉള്‍ക്കാഴ്ചകളിലേക്ക് എഴുത്തുകാരനെയും വായനക്കാരെയും വഴിനടത്തട്ടെ.
സര്‍വ്വവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും…!

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top