‘ടൂറിസവും ഹരിത നിക്ഷേപവും’; രാജ്യാന്തര സമ്മേളനം റിയാദില്‍ സമാപിച്ചു

റിയാദ്: നാലു പതിറ്റാണ്ടിനിടയില്‍ ലോകം കണ്ട ഏറ്റവും ബൃഹത്തായ വിനോദ സഞ്ചാര സമ്മേളനം റിയാദില്‍ സമാപിച്ചു. ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിലാണ് രാജ്യാന്തര വിനോദസഞ്ചാര സമ്മേളനം അരങ്ങേറിയത്. ലോക ടൂറിസം ദിനത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ടൂറിസം സഹമന്ത്രി ശ്രീപദ് യസോ നായികും പങ്കെടുത്തു.

‘സുസ്ഥിര ഭാവിക്ക് വിനോദസഞ്ചാര മേഖലകളില്‍ നിക്ഷേപം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അധ്യക്ഷത വഹിച്ചു. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് 120 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുത്തു.

വിവിധ സെഷനുകളില്‍ സാംസ്‌കാരിക സംവാദം, ആഗോള ടൂറിസം നിക്ഷേപം, ഹരിത നിക്ഷേപം, വിനോദസഞ്ചാര മേഖലയിലെ നവീകരണം എന്നിവ ചര്‍ച്ച ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടൂറിസം രംഗത്ത് 200 ശതമാനം വളര്‍ച്ച കൈവരിച്ചു. 2025ല്‍ ഇത് വീണ്ടും കുതിച്ചുയരും. അതിനുള്ള ഒരുക്കങ്ങളാണ് സൗദിയില്‍ നടക്കുന്നത്. നിയോം, ഖിദ്ദിയ്യ, കിങ് സല്‍മാന്‍ പാര്‍ക്ക് തുടങ്ങി പുതിയ നഗരങ്ങളും വിനോദ കേന്ദ്രങ്ങളും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ എത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 78 ലക്ഷമാണ്. കോവിഡിന് മുമ്പ് 2019നെ അപേക്ഷിച്ച് ഇത് 64 ശതമാനം വളര്‍ച്ചയാണെന്നും സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

 

Leave a Reply