
റിയാദ്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ 14 വരെ 136 സര്‍വീസുകളാണ് ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് നടത്തുന്നത്. സൗദി അറേബ്യയില്‍ നിന്നു ഒരു സര്‍വീസ് പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സൗദിയില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല.
കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യുഎഇ (39), ബഹ്‌റിന്‍ (39), ഒമാന്‍ (13), മലേഷ്യ (2), സിങ്കപ്പൂര്‍ (1) എന്നിങ്ങനെയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിമാന സര്‍വീസുകളുടെ എണ്ണം. 14 ദിവസങ്ങളിലായി കേരളത്തിലേക്ക് 16,638 വിദേശ മലയളികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ ഒന്നിന് ബഹ്‌റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് വന്ദേ ഭാരത് മിഷനില്‍ ഉപയോഗിക്കുന്നത്.
അതേസമയം, മൂന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് 12 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് അനുവദിച്ചെങ്കിലും ഒരു സര്‍വീസുപോലും കേരളത്തിലേക്ക് ഉണ്ടായില്ല. നാലാം ഘട്ടത്തില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് വിദേശകാര്യ മന്ത്രാലയം വന്ദേ ഭാരത് മിഷന്റെ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. സൗദിയിലെ പ്രവാസി മലയാളികളെ തുടര്‍ച്ചയായി തഴയുന്നതില്‍ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാവുകയാണ്.
നാലാംഘട്ട വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഇവിടെ കാണാം. https://www.mea.gov.in/phase-4.htm
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
