Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

നാടുകടത്തിയ മലയാളിയുടെ ശ്രീലങ്കന്‍ പങ്കാളിയ്ക്കും മക്കള്‍ക്കും തുണയായി വനിതാ കെഎംസിസി

റിയാദ്: നിയമ ലംഘനത്തിന് നാടുകടത്തിയ മലയാളി യുവാവിന്റെ ശ്രീലങ്കന്‍ പൗരത്വമുളള പങ്കാളിയ്ക്കും മൂന്നു കുരുന്നുകള്‍ക്കും കൈതാങ്ങായി വനിതാ കെഎംസിസി. ജീവിത പ്രാരാബ്ദങ്ങളുമായി 13 വര്‍ഷം മുമ്പ് വീട്ടുജോലിയ്‌ക്കെത്തിയ പുഷ്പലതയുടെ പ്രവാസം തുടക്കം മുതല്‍ ദുരിതമായിരുന്നു. അതിര്‍ത്തി നഗരമാ അല്‍ ഖുറയ്യാത്തില്‍ തൊഴിലുടമയുടെ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ പരിചരിക്കലായിരുന്നു ജോലി. പല പ്രതിസന്ധികള്‍ നേരിട്ടെങ്കിലും ഒന്നര വര്‍ഷം പിടിച്ചു നിന്നു. മാനസികമായും ശാരീരികമായും ഉപദ്രവം നേരിട്ടതോടെ തൊഴിലുപേക്ഷിച്ച് റിയാദില്‍ അഭയം തേടി. പലരുടെയും സഹായത്തോടെ ഒരു കമ്പനിയില്‍ തൊഴില്‍ കണ്ടെത്തുകയും ചെയ്തു.

റിയാദില്‍ ജോലി ചെയ്യുന്നതിനിടെയാണ് മലയാളിയായ മലപ്പുറം സ്വദേശി മുസ്തഫയെ പരിചയപ്പെടുന്നത്. അതു അടുപ്പത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും നയിച്ചു. കാലാവധിയുളള ഇഖാമ ഉളളവര്‍ക്ക് നിയമ വിധേയമായി വിവാഹം കഴിക്കാം. ഇതു പ്രയോജനപ്പെടുത്തുകയും ഖദീജ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാം മതം ആശ്‌ളേഷിച്ചതിനു ശേഷമായിരുന്നു വിവാഹം. ഇരുവരുടെയും നല്ലകാലമായിരുന്നു അത്. ചെറിയ ജോലിയെങ്കിലും സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുന്നതിനിടെ മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കി. മുഹമ്മദ് സിയാന്‍ (7), മിസ്‌ല ഫര്‍വ്വീന്‍ (4), അബ്ദുള്‍ റൈസാന്‍ (2). ഇവര്‍ക്ക് ജനന സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെ ഒരു രേഖയും ഉണ്ടായിരുന്നില്ല.

ഇതിനിടെ ഇഖാമ നിയമ ലംഘനത്തിന് രണ്ടു വര്‍ഷം മുമ്പ് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഖാമയില്‍ കുടുംബാംഗങ്ങള്‍ ഇല്ലാത്തതിനാല്‍ നിയമ നടപടികള്‍ക്കൊടുവില്‍ മുസ്തഫയെ നാടുകടത്തി. ഖദീജയുടെ ജോലി നഷ്ടപ്പെടുകയും കുരുന്നുകളുമായുളള ജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്തു. പരിചയക്കാരുടെ സഹായത്തോടെയാണ് ഖദീജയും കുട്ടികളും കഴിഞ്ഞിരുന്നത്. ദുരിതക്കയത്തില്‍ ഒറ്റപ്പെട്ട ഖദീജയുടെയും മക്കളുടെയും വിവരമറിഞ്ഞ റിയാദ് കെഎംസിസി വനിത വിംഗ് അവര്‍ക്ക് തണലൊരുക്കി. താമസിക്കുന്ന മുറിയുടെ വാടക കുടിശ്ശിക അടച്ചു. ഭക്ഷണവും മരുന്നും വസ്ത്രങ്ങളും നല്‍കി.

ആറു മാസം കഴിഞ്ഞതോടെ വാടക പുതുക്കാന്‍ കരാര്‍ ഉടമ ഇല്ലാത്തതിനാല്‍ വീട്ടുടമ ഖദീജയയേയും കുട്ടികളെയും ഇറക്കി വിട്ടു. ശ്രീലങ്കന്‍ എംബസിയില്‍ അഭയം തേടിയ ഖദീജക്കും കുട്ടികള്‍ക്കും രേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. മറ്റൊരു ഇടമില്ലാതെ തെരുവിലലഞ്ഞ ഖദീജയുടെ ദുരിതം തിരിച്ചറിഞ്ഞ വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫും കുടുംബവും അവരുടെ വീട്ടില്‍ അഭയം നല്‍കി. എട്ടു മാസം സര്‍വ്വതും നല്‍കി സംരക്ഷിച്ചു.

മകളെയും കുട്ടികളെയും നാട്ടിലെത്തിയ്ക്കണമെന്ന് ഖദീജയുടെ കുടുംബം കെഎംസിസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യാത്രാ രേഖകള്‍ തയ്യാറാക്കി നാട്ടിലേക്കയക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധീഖ് തുവ്വൂരിന് ഖദീജയുടെ ശ്രീലങ്കയിലുളള കുടുംബം സമ്മതപത്രവും നല്‍കി. ശ്രീലങ്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ എട്ട് മാസം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് രേഖകള്‍ ശരിയായത്. ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകരായ വെങ്കിടേഷ്, നാസ് വക്കം എന്നിവരുടെ സഹായത്തോടെ ദമ്മാം എയര്‍പോര്‍ട്ട് വഴി യുവതിയും കുഞ്ഞുങ്ങളും കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് മടങ്ങി. ഖദീജയും മക്കളും മുസ്തഫയുമായി ആശയ വിനിമയം തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ തന്നെയും മക്കളെയും സ്വീകരിക്കുമെന്ന സന്തോഷത്തിലാണ് ഖദീജയുടെ മടക്കം.

ശ്രീലങ്കന്‍ എംബസി ഉദ്യോഗസ്ഥനായ ഹമീദ്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളപ്പാടത്, അബ്ദു റഹീം ആലുവ, യൂസഫ് പെരിന്തല്‍മണ്ണ, ഷംന രഹ്നാസ്, വനിത കെഎംസിസി ജനറല്‍ സെക്രട്ടറി ജസീല മൂസ, ഭാരവാഹികളായ ഹസീന സൈതലവി, നജ്മ ഹാഷിം, തിഫ്‌ല അനസ്, സബിത മുഹമ്മദലി, സാറ നിസാര്‍, ഹസ്ബിന നാസര്‍, ഫസ്‌ന ഷാഹിദ് തുടങ്ങിയവ തുടക്കം മുതല്‍ കുടുംബത്തിന് സഹായ ഹസ്തവുമായി കൂടെയുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top