Sauditimesonline

watches

ഇന്ത്യക്കാരായ 496 തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ്

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന 496 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ എംബസിയും തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതോടെയാണ് എക്‌സിറ്റ് വിസ ലഭിച്ചത്.

സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചത്. റിയാദ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലുളള മൂന്ന് ക്യാമ്പുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ കഴിയുന്നത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തിര സഹായമായി 1000 റിയാലും വിതരണം ചെയ്യും. സൗദി തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന വിമാന ടിക്കറ്റിലാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുക. അതേസമയം, ഫൈനല്‍ എക്‌സിറ്റ് വിസ നേടിയവര്‍ക്ക് പെരുന്നാളിന് മുമ്പ് ഇന്ത്യയിലെത്താന്‍ കഴിയില്ല. യാത്രാ ടിക്കറ്റ് ലഭ്യമല്ലാത്തതാണ് കാരണം.

ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും സന്നദ്ധ സംഘടനകളുമാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. സ്‌പോണ്‍സര്‍ഷിപ് മാറി പുതിയ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യങ്ങളും കോടതി വിധി അനുസരിച്ച് എംബസി വഴി തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ഇതിനായി എംബസിക്ക് പവര്‍ ഓഫ് അറ്റോണി സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top