കെഎംസിസി സാമൂഹിക സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് കാസര്‍ഗോഡ് നടന്ന ആനുകൂല്യ വിതരണം (ഫയല്‍)
റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2025 അംഗത്വ കാമ്പയിന്‍ ഡിസംബര്‍ 15ന് അവസാനിക്കും. കാമ്പയിന്റെ അവസാന മണിക്കൂറുകളില്‍ സൗദിയിലുടനീളം കെഎംസിസി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും അംഗങ്ങളാകാവുന്ന പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ആണ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
ഒക്ടോബര്‍ 15ന് ആരംഭിച്ച അംഗത്വ കാമ്പയിനാണ് അവസാനിക്കുന്നത്. വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ കീഴ്ഘടകങ്ങള്‍ വഴി നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഇതിനകം ആയിരങ്ങളാണ് പദ്ധതിയില്‍ അംഗത്വമെടുത്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇത്തവണ പദ്ധതിയില്‍ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അംഗത്വമെടുക്കുന്നവര്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കിപരസ്പര സഹായ നിധിയില്‍ കൈകോര്‍ക്കണമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷധികാരി കെ പി മുഹമ്മദ്കുട്ടി, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
സൗദിയില്‍ അഞ്ച് മേഖലകളാക്കിയാണ് പദ്ധതിയുടെ പ്രചാരണം. ഉസ്മാനലി പാലത്തിങ്ങലിന്റെ നേതൃത്വത്തില്‍ ബഷീര്‍ മൂന്നിയൂര്‍, ഹാരിസ് കല്ലായി, ആലികുട്ടി ഒളവട്ടൂര്‍, സമദ് പട്ടനില്‍, ഫൈസല്‍ ബാബു ഊര്‍ക്കടവ് എന്നിവരുടെയും നാഷനല്‍ കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും മേല്‍നോട്ടത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചത്.
പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ അംഗങ്ങളായ അറുനൂറോളം പേരാണ് മരിച്ചത്. കുടുംബ നാഥന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് താങ്ങായി മാറിയ സാമൂഹ്യ സുരക്ഷാ പദ്ധതി നാല്പത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. കൂടാതെ രണ്ടായിരത്തില്‍പരം പേര്‍ക്ക് ചികിത്സാ സഹായവും നല്‍കി. മൂന്ന് ലക്ഷം രൂപ മരണാനന്തര സഹായം പ്രഖ്യാപിച്ചു 2014 ല്‍ ആരംഭിച്ച പദ്ധതിയില്‍ തുടര്‍ച്ചയായി ചേര്‍ന്നിട്ടുള്ള അംഗത്തിന് മരണം സംഭവിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ ആശ്രിതര്‍ക്ക് 12 ലക്ഷം രൂപയാണ് ആനുകൂല്യമായി നല്‍കുന്നത്. പത്ത് വര്‍ഷം അംഗങ്ങളായവര്‍ക്ക് പത്ത് ലക്ഷവും രണ്ട് മുതല്‍ പത്ത് വര്‍ഷം വരെ അംഗങ്ങളായവര്‍ക്ക് ആറ് ലക്ഷവും ആദ്യമായി അംഗങ്ങളാകുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് മരണനന്തരം ആശ്രിതര്‍ക്ക് ആനുകൂല്യമായി ലഭിക്കുക.
മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് പുറമെ അംഗമായ ഒരാള്‍ക്ക് നിയമാവലിയില്‍ രേഖപെടുത്തിയ രോഗങ്ങള്‍ ബാധിച്ചാല്‍ തുടര്‍ചികിത്സക്ക് ആവശ്യമായ സഹായവും പദ്ധതി വഴി നല്‍കും. പ്രാരാബ്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത സാഹചര്യത്തില്‍, യാതൊരു വിധ നീക്കിയിരിപ്പുമില്ലാതെ കടക്കെണിയില്‍പെട്ട് ഉലയുന്ന പ്രവാസികളില്‍ പലരും അകാലത്തില്‍ മരണപ്പെടുമ്പോള്‍, അവരുടെ ആശ്രിതര്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലാക്കിയാണ് സൗദി കെഎംസിസി ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്.
സഊദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കക്ഷി, രാഷ്ട്രീയത്തിനും ജാതി, മത ചിന്തകള്‍ക്കുമതീതമായി അംഗത്വമെടുക്കാവുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണിത്. തികച്ചും വ്യവസ്ഥാപിതവും സുതാര്യവുമായി നടപ്പാക്കി വരുന്ന പദ്ധതിയില്‍ കാമ്പയിന്‍ കാലയളവില്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും കഴിയും. mykmcc.org എന്ന വെബ്‌സൈറ്റ് വഴി അംഗത്വമെടുക്കാന്‍ സാധിക്കും. തുടര്‍ച്ചയായി ആറ് വര്‍ഷം പദ്ധതിയില്‍ അംഗമായി, പ്രവാസമവസാനിപ്പിച്ചവരും 60 വയസ്സ് കഴിഞ്ഞവരുമായ അംഗത്തിന് മാസാന്തം 2000 രൂപ പെന്‍ഷന്‍ നല്‍കുന്ന ഹദിയ്യത്തു റഹ്മ പദ്ധതിയും ഇതോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നാഷണല്‍ കമ്മിറ്റി ആരംഭിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.