
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 42 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 33 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ 52 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിച്ചു വരുകയാണ്. രണ്ട് ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുത്തു തുടങ്ങിയിട്ടുണ്ട്. അതേസമയം, അവയവം മാറ്റിവെച്ചവര്‍ക്കും ഡയാലിസിസിന് വിധേയരാകുന്നവര്‍ക്കും രണ്ട് ഡോസ് സ്വീകരിച്ച് ഒരു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നാല് കോടി 62 ലക്ഷത്തി 84,867 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ 2.17 കോടി ജനങ്ങള്‍ രണ്ട് ഡോസ് സ്വീകരിച്ചവരാണ്. 2.42 കോടി ജനങ്ങളാണ് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്തെ 70 ശതമാനം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

70 ശതമാനം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചതോടെ സാമൂഹിക പ്രതിരോധം കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്തു. കമ്യൂണിറ്റി ഇമ്യൂണ്‍ കൈവരിക്കുന്നതോടെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രവേശന വിലക്ക് പിന്‍വലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഏത് സമയത്തും ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ കോവാക്‌സിന് നേരത്തെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കാതിരുന്നത് സൗദി പ്രവാസികളെയും ബാധിച്ചിരുന്നു. എന്നാല്‍ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ കോവാക്‌സിന്‍ എടുത്ത ഇന്ത്യക്കാരുടെ കൊവിഡ് സര്‍ട്ടിഫിക്കറ്റുകളും സൗദി അറേബ്യ അംഗീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.