
മദീന: ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സൗദിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. അതേസമയം, ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ രക്തബന്ധമുളള രണ്ട് കുടുംബാംഗങ്ങളെ മദീനയിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചു. ഇതിനുളള ചെലവുകള്‍ തെലുങ്കാന സര്‍ക്കാര്‍ വഹിക്കും. മരിച്ചവരെ തിരിച്ചറിയുന്നതിനു ഡിഎന്‍ പരിശോധനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും അവസരം ഒരുക്കാനാണ് ബന്ധുക്കളെ സൗദിയിലെത്തിക്കുന്നത്.

അതേസമയം മക്ക-മദീന എട്ട് വരി എക്‌സ്പ്രസ് ഹൈവേയില്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ബസുകള്‍ക്ക് ഇവിടെ മണിക്കൂറില്‍ 120 കിലോമീറ്ററാണ് വേഗത അനുവദിച്ചിട്ടുളളത്. ഇടിയുടെ ആഘാതത്തില്‍ ബസ് അഗ്‌നിഗോളമായി മാറി. ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്നിരുന്ന അഹമദ് ശുഹൈബ് മുഹമ്മദ് മാത്രമാണ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഹൈദരാബാദിലെ മെഹദിപട്ടണം, ആസിഫ് നഗര്‍, ഝിറ, ടോളിചൗക്ക് എന്നിവിടങ്ങളിലുളള 17 പുരുഷന്മാര്‍, 18 സ്ത്രീകര്‍ 10 കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരു കുടുംബത്തിലെ 18 അംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മദീനയില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






