
റിയാദ്: മലയാളി നര്‍ത്തകിയും കോറിയോഗ്രാഫറുമായ രശ്മി വിനോദ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച സംഗീത നാടകത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. പ്രവാസി പരിചയ് വാരാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസിയില്‍ അരങ്ങേറിയ ‘ഗീത മഹോത്സ്’ നൃത്ത സംഗീത നാടകം പ്രധാന മന്ത്രിയുടെ പ്രതിവാര പ്രഭാഷണം മന്‍കി ബാതില്‍ എടുത്തുപറയുകയും ചെയ്തിരുന്നു.

അതിനുപുറമെ രശ്മി വിനോദ് നയിക്കുന്ന നൃത്തത്തിന്റെ ചിത്രം പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ട്വീറ്റ് ഷെയര്‍ ചെയ്തു. സംഗീത മാധുര്യവും നടന വൈവഭവും സമന്വയിച്ച നാടകം സാര്‍വത്രിക ഭാഷയിലൂടെ ഭഗവദ്ഗീതയുടെ സന്ദേശമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

റിയാദില്‍ എട്ട് വര്‍ഷത്തിലധികമായി വൈദേഹി നൃത്ത വിദ്യാലയത്തിന്റെ അമരക്കാരിയാണ് രശ്മി വിനോദ്. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സാമൂഹിക പ്രസക്തിയുളള പ്രമേയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഇതിനുമുമ്പും രശ്മി സംഗീത നൃത്തശില്പങ്ങള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ ആദ്യമായി ഗീത പൊതു വേദിയില്‍ അവതരിപ്പിച്ചെന്നും യൂറോപ്പിലെ ലാത്വിയയിലും അവിസ്മരണീയ ഗീതാ ഉത്സവം നടന്നതായും പ്രധാനമന്ത്രിയുടെ ട്വീറ്റ് വ്യക്തമാക്കി. എസ്‌റ്റോണിയ, ലിത്വാനിയ, അള്‍ജീരിയ എന്നിവിടങ്ങളിലെ കലാകാരന്മാര്‍ ആവേശത്തോടെയാണ് പങ്കെടുത്തതെന്നും ദുരദര്‍ശന്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






