Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

റിയാദ്: ആശുപത്രിയുടെ ഇടനാഴികളില്‍ സാന്ത്വനത്തിന്റെ ശുഭ്ര വസ്ത്രമണിഞ്ഞ മാലാഖ ജാന്‍സി പ്രെഡിന്‍ ഇനി തലസ്ഥാന നഗരിയിലെ വിദ്യാലയത്തിന്റെ കാവലാളാകും. സേവനം ജീവിത തപസ്യയായി ഏറ്റെടുത്ത വ്യക്തിത്വത്തിന് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗത്വം. മൂന്ന് ഘട്ടങ്ങളില്‍ നടന്ന സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷന്‍, അഭിമുഖം എന്നിവക്കു ശേഷമാണ് സഊദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നായ റിയാദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഭരണ സമിതി അംഗമായി അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ജാന്‍സി പ്രെഡിനെ ഭരണ സമിതി അംഗമായി നാമനിര്‍ദേശം ചെയ്തത്.

കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി നഴ്‌സിംഗ് പ്രോജക്ട്‌സ് ആന്‍ഡ് റെഗുലേഷന്‍ വിഭാഗം ചെയര്‍പേഴ്‌സനും നഴ്‌സ് മാനേജറുമാണ്. ആരോഗ്യരംഗത്ത് ഇരുപത്തിരണ്ടു വര്‍ഷത്തിലധികം പ്രൊഫഷണല്‍ അനുഭവ സമ്പത്തുണ്ട്. പത്ത് വര്‍ഷത്തിലേറെയായി സഊദി ആരോഗ്യമേഖലയില്‍ നേതൃപരമായ പദവികള്‍ വഹിക്കുന്നു. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍, ക്വാളിറ്റി മാനേജമെന്റ്, റെഗുലേറ്ററി കംപ്ലയന്‍സ്,

പ്രൊഫഷണല്‍ എജ്യുക്കേഷന്‍ എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ബിഎസ്‌സി നേഴ്‌സിംഗ് ബിരുദത്തിന് പുറമെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എംബിഎ, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി രാജ്യാന്തര പരിശീലന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുമ്പോഴും ജാന്‍സിയുടെ മനസ്സില്‍ സഹജീവികളോടുള്ള സ്‌നേഹവും കരുതലും ഒപ്പമുണ്ട്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തീകരണ പരിപാടികളിലും നേതൃപരമായ പങ്കു വഹിക്കുന്നു. ‘നേതൃത്വം എന്നത് അധികാരമല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണ്’ എന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ജാന്‍സി തെളിയിക്കുന്നു.

ഇന്ത്യന്‍ സ്‌കൂളിന്റെ ഭരണസമിതിയില്‍ ജാന്‍സി പ്രെഡി എത്തുന്നത് കരുണയുടെയും കഴിവിന്റെയും പുതിയൊരു അധ്യായത്തിനാണ് തുടക്കമാകുന്നത്. മണലാരണ്യത്തിലെ തിരക്കുകള്‍ക്കിടയിലും താന്‍ ഏറ്റെടുത്ത കര്‍മ്മപഥങ്ങളില്‍ വിശ്വസ്തതയോടെ മുന്നേറുന്ന ജാന്‍സി, വരുംതലമുറയുടെ വളര്‍ച്ചയ്ക്കും ഇനി കരുത്തായി ഒപ്പമുണ്ടാകും.

കൊല്ലം കൊട്ടാരക്കര പൂയപ്പളളി ബെല്‍ജീസ് ഭവനില്‍ പരേതനായ ഉമ്മന്‍ ബേബിയുടെയും ലില്ലികുട്ടി ബേബിയുടെയും മകളാണ്. റിയാദില്‍ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കൊല്ലം കൊക്കാട് പനംകുന്നില്‍ കുടുംബാംഗം പ്രഡിന്‍ അലക്‌സ് തോമസ് ആണ് ഭര്‍ത്താവ്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിനി ദയ ആന്‍ പ്രഡിന്‍, ഡാനിലോ പ്രഡിന്‍ തോമസ് (ഒന്നാം ക്ലാസ്), ഡാരോന്‍ പ്രെഡിന്‍ മോമസ് എന്നിവര്‍ മക്കളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top