
റിയാദ്: ഒരു നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ അറേബ്യന്‍ മരുഭൂമിയില്‍ ആദ്യമായി ഏഷ്യന്‍ കാട്ടുകഴുത പ്രസവിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി അറേബ്യന്‍ ഉപദ്വീപില്‍ നിന്നു തുടച്ചുനീക്കപ്പെട്ട അപൂര്‍വ്വ ഇനം ജീവികളെ ജന്മനാട്ടില്‍ തിരികെ എത്തിക്കുന്ന പദ്ധതിയാണ് ‘അറേബ്യന്‍ വൈല്‍ഡ് ലൈഫ് റീഇന്‍ട്രൊഡക്ഷന്‍ പ്രോഗ്രാം.’ ഇതിന്റെ ഫലമാണ് ആണ്‍ കാട്ടുകഴുതക്കുഞ്ഞിന്റെ പിറവി. അതിജീവന നിരക്ക് 50 ശതമാനത്തില്‍ താഴെ മാത്രമുള്ള കാട്ടുഴുതകളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ആദ്യത്തെ 12 മാസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് റിസര്‍വ് അധികൃതര്‍ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.

2050 ആകുന്നതോടെ ഈ വംശത്തില്‍ പെട്ട ജീവികളുടെ എണ്ണം 90 ശതമാനം കുറവുണ്ടാകും. ലോകത്താകെ വെറും 600ല്‍ താഴെയാണ് കാട്ടുകഴുത അശേഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സഊദിയില്‍ നിന്നുള്ള പുതിയ അതിജീവന വാര്‍ത്ത വന്യജീവി സംരക്ഷണ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. വരും മാസങ്ങളില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൂടി ജനിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
റോയല്‍ സൊസൈറ്റി ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറുമായള്ള പങ്കാളിത്തത്തോടെ, 2024 ഏപ്രിലില്‍ ജോര്‍ദാനിലെ ഷൗമാരി വൈല്‍ഡ് ലൈഫ് റിസര്‍വില്‍ നിന്നാണ് കാട്ടുകഴുതയെ സഊദിയില്‍ എത്തിച്ചത്. അഞ്ച് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം 935 കിലോമീറ്ററിലധികം റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് പുതിയ തട്ടകത്തില്‍ എത്തിയത്. നിലവില്‍ 5 പെണ്ണും 3 ആണും ഉള്‍പ്പെടെ 8 കാട്ടുകഴുതകളാണ് സഊദി അറേബ്യയിലുളളത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള വമ്പന്‍ പദ്ധതിയിലൂടെ, അറേബ്യന്‍ മണ്ണില്‍ ജീവിച്ചിരുന്ന 23 ഇനങ്ങളില്‍ 14 എണ്ണത്തെയും ഇതിനകം കാടുകളില്‍ തിരികെ എത്തിച്ചിട്ടുണ്ട്. ഇതില്‍ നുബിയന്‍ ഐബെക്‌സ്, അറേബ്യന്‍ ഒറിക്‌സ്, അറേബ്യന്‍ ഗസല്‍, സാന്‍ഡ് ഗസല്‍, അറേബ്യന്‍ മുയല്‍, ഏഷ്യന്‍ കാട്ടുകഴുത എന്നീ ആറിനങ്ങള്‍ വിജയകരമായി പ്രജനനം നടത്തുകയും ചെയ്തു. ജനിതക വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ജോര്‍ദാനില്‍ നിന്നെത്തിച്ച പുതിയൊരു പെണ്‍ കാട്ടുകഴുതയെ നിലവില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുമായും കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കുന്നതില്‍ രാജ്യം കൈവരിച്ച ഏറ്റവും വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






