Sauditimesonline

LULU ALEEM
വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

വിധിയുടെ വഴിയില്‍ തളര്‍ന്നു, ഒടുവില്‍ യൂസഫലിയുടെ തണലില്‍ നാടണഞ്ഞ് അലീം

ജിദ്ദ: സാമ്പത്തിക ബാധ്യതയില്‍ കുടുങ്ങി യാത്രാവിലക്ക് നേരിടുകയും ഇതിനിടെ പക്ഷാഘാതം വന്ന് തളരുകയും ചെയ്ത ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുല്‍ അലീമിന് (56) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുണയായി. ജിദ്ദയിലെ ‘വഖഫ് ദാറകും’ അഭയകേന്ദ്രത്തില്‍ അനാഥനായി കഴിയുകയായിരുന്ന അലീമിന്റെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെട്ടതോടെ യൂസഫലി അടിയന്തരമായി ഇടപെടുകയായിരുന്നു.

15 വര്‍ഷത്തിലേറെയായി സൗദിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന അലീം മുന്‍പ് തവണ വ്യവസ്ഥയില്‍ കാര്‍ വാങ്ങിയിരുന്നു. ഇതിനിടെ നാട്ടിലുള്ള ഭാര്യക്ക് ഗുരുതര രോഗമാണെന്നറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഭാര്യ മരിച്ചു. അതിന്റെ ആഘാതത്തില്‍ കൃത്യസമയത്ത് സൗദിയിലേക്ക് മടങ്ങിയെത്താന്‍ അലീമിന് സാധിച്ചില്ല.
പിന്നീട് മൂന്ന് വര്‍ഷം മുന്‍പ് പുതിയ വിസയില്‍ ഹൗസ് ഡ്രൈവറായി വീണ്ടും സൗദിയിലെത്തിയെങ്കിലും പഴയ കാര്‍ കണ്ടെത്താനായില്ല. അതിനിടെ കാറിന്റെ കുടിശ്ശിക വരുത്തിയ വലിയ തുക കാരണം കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അലീമിന്റെ ശരീരത്തിന്റെ ഒരു വശം തളരുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലീമിനെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം ‘വഖഫ് ദാറകും’ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.

ദുരിതവാര്‍ത്തയറിഞ്ഞ എം.എ. യൂസഫലി വാഹനം വാങ്ങിയ വകയില്‍ കമ്പനിക്ക് അടച്ചുതീര്‍ക്കാനുണ്ടായിരുന്ന മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. യാത്രാവിലക്ക് ഒഴിവാക്കാനുള്ള നിയമനടപടികള്‍ ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ വഴി അതിവേഗം പൂര്‍ത്തിയാക്കി. യൂസഫലിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രത്തിലെത്തി അലീമിനെ സന്ദര്‍ശിക്കുകയും, അലീമിനും സഹായിക്കുമുള്ള വിമാന ടിക്കറ്റുകള്‍ കൈമാറുകയും ചെയ്തു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗത്തിലെ ഷമീര്‍ നദ്‌വിയും അലീമിനൊപ്പം യാത്ര ചെയ്യുന്നുണ്ട്. ലുലു റീജ്യണല്‍ ഡയറക്ടര്‍ അബ്ദുസലാം, ലുലു പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവരും നടപടിക്രമങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top