Sauditimesonline

keli azheekodan
ന്യൂസ് റൂമുകളില്‍ പൊലീസ് കടന്നുകയറ്റം: ജനാധിപത്യം ഭീഷണിയിലെന്ന് കേളി

ന്യൂസ് റൂമുകളില്‍ പൊലീസ് കടന്നുകയറ്റം: ജനാധിപത്യം ഭീഷണിയിലെന്ന് കേളി

റിയാദ്: അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട കാലത്തെ ജനാധിപത്യവിരുദ്ധമായ സാഹചര്യങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ-മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്‌കാരിക വേദി. അഴീക്കോടന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് വിമര്‍ശനം. 1972 സെപ്റ്റംബര്‍ 23നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടത്.

ഭരണാധികാരികള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്നതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ അംഗീകാര കാര്‍ഡുകള്‍ നീക്കം ചെയ്യുക, ന്യൂസ് റൂമുകളില്‍ പരിശോധന നടത്തുക, വാര്‍ത്താ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ നടപടികള്‍ ഗൗരവത്തോടെകാണണം. അടുത്തിടെ ഒരു മാധ്യമ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തുകയും ന്യൂസ് ഡെസ്‌കില്‍ ഇടപെടുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ജനക്ഷേമത്തിന് പകരം സ്‌പോണ്‍സര്‍മാരുടെയും സ്വാധീനഗ്രൂപ്പുകളുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ഭരണരീതിയാണ് സംസ്ഥാനത്ത് വളരുന്നത്. ജനങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും പ്രകൃതിദുരന്തങ്ങളും മൂലം വലയുമ്പോള്‍ ഭരണാധികാരികളുടെ ആഡംബര യാത്രകളും അധികാരപ്രദര്‍ശനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഒതുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും യോഗം വിലയിരുത്തി.

അധികാരത്തിനെതിരായ ജനകീയ പ്രതിരോധത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും ഓര്‍മപ്പെടുത്തലാണ് അഴീക്കോടന്റെ ജീവിതമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. സമിതി അംഗം സെബിന്‍ ഇഖ്ബാല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, കെ.ടി. മുഹമ്മദ് ബഷീര്‍ അമരമ്പലം എന്നിവര്‍ പ്രസംഗിച്ചു. ഫിറോസ് തയ്യില്‍ സ്വാഗതവും ചന്ദ്രന്‍ തെരുവത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top