Sauditimesonline

NEDUMBASHERY
നെടുമ്പാശ്ശേരിക്ക് വഴി തുറന്നു; കരിപ്പൂരിലേക്കും കനിവ് വേണം

നെടുമ്പാശ്ശേരിക്ക് വഴി തുറന്നു; കരിപ്പൂരിലേക്കും കനിവ് വേണം

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉത്തര മലബാര്‍ മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന പ്രവാസികളുടെ ആവശ്യം ശക്തമാകുന്നു. മുന്‍പ് കാസറഗോഡുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

മലപ്പുറം-കൊച്ചി നെടുമ്പാശ്ശേരി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കഴിഞ്ഞദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു സമാനമായി മലപ്പുറം ഡിപ്പോയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ഭാഗങ്ങളിലേക്ക് ലോഫ്‌ലോര്‍ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രവാസികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് ഇവര്‍പ്രതീക്ഷിക്കുന്നത്.

നിലവില്‍ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന യാത്രക്കാര്‍ കോഴിക്കോട്ടെത്തി ട്രെയിന്‍ മാര്‍ഗമാണ് കണ്ണൂര്‍, കാസറഗോഡ് ഭാഗങ്ങളിലേക്ക് പോകുന്നത്. ഇവിടേക്ക് നേരിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതിനൊപ്പം കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനവും ലഭിക്കും. പാലക്കാട്, നിലമ്പൂര്‍, പൊന്നാനി ഭാഗങ്ങളില്‍നിന്നും കരിപ്പൂരിലേക്ക് ബസ് സര്‍വീസ് വേണമെന്നും ആവശ്യമുണ്ട്.

ഡിസംബര്‍ മുതല്‍ സൗദി എയര്‍ലൈന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികള്‍ക്കൊപ്പം ഉംറ തീര്‍ഥാടകര്‍ക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറെ ഉപകാരപ്പെടും. കരിപ്പൂരില്‍നിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നും മലബാറിലെ പ്രവാസി സമൂഹം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top