
കണ്ണൂര്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ജീവനക്കാരന്റെ നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. അഴീക്കോട് ജയചാല് സ്വദേശി രേഖ അജയ്, ഓണ്‍ലൈന്‍ മാധ്യമപ്രവര്ത്തകന് യദു ഡി. നാരായണന് എന്നിവര്‍ക്കെതിരെയാണ് ഭാരതീയ ബി.എന്‍.എസ് 353, കേരള പോലീസ് ആക്ട് 120 (0) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

അഴീക്കോട് ചാല് സ്വദേശി ശ്രീജിത്ത് എന്‍.കെ നല്കിയ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിഒന്നിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി. പരാതിക്കാരന്റെ സഹോദരന് സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുന്ന സൗദി അറേബ്യയിലെ ‘റിയാദ് വില്ലാസ്’ എന്ന നിര്‍മ്മാണ കമ്പനിയില്‍ പ്രോജക്ട് കോഓര്‍ഡിനേറ്ററായിരുന്ന ഒന്നാം പ്രതിയുടെ സഹോദരന് 2012 നവംബര്‍ 15ന് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് 2013 നവംബര്‍ ആറിന് തവൂനിയ ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് സാങ്കേതിക തടസ്സങ്ങള്‍ കാരണം മാറാന്‍ കഴിയാതെ കുടുംബത്തിന് ലഭിക്കാത്തതിലുള്ള വിരോധമാണ് സഹോദരനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ നവംബര്‍ 12 മുതല്‍ 23 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് എഫ്.ഐ.ആര്. കണ്ണൂര്‍ ടൗണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍ ടി.കെയാണ് കേസ് അന്വേഷിക്കുന്നത്. ഇതുകൂടാതെ, കണ്ണൂര്‍ സബ്കോടതിയില്‍ മാനനഷ്ടത്തിന് എട്ട് കോടി രൂപയും മാനസിക പ്രയാസത്തിന് രണ്ട് കോടി രൂപയും ഉള്‍പ്പെടെ പത്ത് കോടി രൂപ നഷ്ടപരിഹാര കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






