
റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് മലബാര്‍ സമരമെന്ന് സൗദി കെഎംസിസി ദേശീയ സമിതിയംഗം എസ് വി അര്‍ഷുല്‍ അഹമ്മദ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘തമസ്‌കരണത്തിനെതിരെ പ്രതിരോധവും പുസ്തക പ്രകാശനവും’ പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ എത്ര തന്നെ തമസ്‌കരിച്ചാലും തിരുത്തലുകള്‍ക്ക് വിധേയമാക്കിയാലും ചരിത്രത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നവരാണ് മലബാര്‍ സമര പോരാളികള്‍. മലബാറില്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ചേര്‍ന്ന് നിന്നാണ് വൈദേശിക ശക്തികള്‍ക്കെതിരെ യുദ്ധം നടത്തിയത്. വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്ല്യാരും ഉള്‍പ്പെട്ട സമര നായകര്‍ കാലാന്തരങ്ങള്‍ പിന്നിട്ടാലും ഓര്‍മ്മകളില്‍ ജ്വലിച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്ടിംഗ് പ്രസിഡന്റ് ശരീഫ് അരീക്കോട് അധ്യക്ഷത വഹിച്ചു.

കൊളോണിയന്‍ ചരിത്രകാരന്മാര്‍ രചിക്കപ്പെട്ട പുസ്തകങ്ങളില്‍ നിന്ന് പകര്‍ത്തി എഴുതി പലരും മലബാര്‍ സമരത്തിന് തെറ്റായ ആഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച അഡ്വ. ഹബീബ് റഹ്മാന്‍ പറഞ്ഞു. അത്തരത്തില്‍ എഴുതപ്പെട്ട കെ മാധവന്‍ നായരുടെ മലബാര്‍ സമരമെന്ന പുസ്തകം പ്രചരിപ്പിക്കുവാന്‍ സംഘപരിവാര്‍ ശക്തികള്‍ ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. മലബാര്‍ സമരം ആസ്പദമാക്കി മാധവന്‍ നായര്‍ മാതൃഭൂമിയില്‍ എഴുതിയ തുടര്‍ ലേഖനങ്ങള്‍ കടുത്ത എതിര്‍പ്പ് കാരണം നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ആ കാലത്ത് തന്നെ ഇ.മൊയ്തു മൗലവിയെ പോലുള്ളവര്‍ ശക്തമായ വിമര്‍ശനങ്ങള്‍ ലേഖനങ്ങള്‍ക്കെതിരെ ഉയര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പുതിയ വിവാദങ്ങള്‍ അവസരമാണെന്നും ധാരാളം പഠനങ്ങളും പുസ്തകങ്ങളും മലബാര്‍ സമരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നു എന്നത് പുതിയ തലമുറക്ക് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് മലപ്പുറം ജില്ല കെഎംസിസി സംസ്‌കൃതിയുടെ കണ്‍വീനറും എഴുത്തുകാരനുമായ അബ്ദുല്‍ കലാം മാട്ടുമ്മല്‍ രചിച്ച ‘ചേറുമ്പിലെ ചെറുത്തുനില്പുകള്‍’ എന്ന പുസ്തകത്തിന്റെ ഗള്‍ഫ് തല പ്രകാശനം സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറിയേറ്റംഗം ഉസ്മാന്‍ അലി പാലത്തിങ്ങല്‍ അഡ്വ. ഹബീബ് റഹ്മാന് കൈമാറി നിര്‍വ്വഹിച്ചു. ഗ്രെയ്‌സ് റിയാദ് ചാപ്റ്ററിന്റെ സഹായത്തോടെ ഗ്രെയ്‌സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സത്താര്‍ താമരത്ത് പുസ്തക പരിചയം നടത്തി.
ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് കല്പകഞ്ചേരി, അബ്ദുല്‍ കലാം മാട്ടുമ്മല്‍, ശിഹാബ് കൈപ്പുറം, ജാഫര്‍ തങ്ങള്‍ കോളിക്കല്‍, നാസര്‍ മാങ്കാവ്, ബഷീര്‍ താമരശ്ശേരി, മുസ്തഫ വാഫി പട്ടാമ്പി, റഫീഖ് മഞ്ചേരി, യൂനുസ് സലിം താഴെക്കോട്, യൂനുസ് കൈതക്കോടന്‍, ഹമീദ് ക്ലാരി, ലത്തീഫ് കരിങ്കപ്പാറ ,സിദീഖ് കോനാരി , അന്‍വര്‍ ചെമ്മല ,നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, സഫീര്‍ വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് തങ്ങള്‍ വണ്ടൂര്‍ ഖിറാഅത്ത് നടത്തി. മലപ്പുറം ജില്ലാ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






